ലോകം ചുറ്റിക്കറങ്ങി ഒന്നും ചെയ്യാതെ തിരിച്ച് പോരുന്ന ട്രാവലിങ് സെയില്‍സ്മാനാണ് നരേന്ദ്രമോദിയെന്ന് തൃണമൂല്‍ എംപി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th July 2018 08:37 PM  |  

Last Updated: 20th July 2018 08:37 PM  |   A+A-   |  

 


ന്യൂഡല്‍ഹി: ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി ഒന്നും ചെയ്യാതെ തിരിച്ച് പോരുന്ന ട്രാവലിങ് സെയില്‍സ്മാനാണ് നരേന്ദ്രമോദിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗതറോയ്. ലളിത് മോദി, നീരവ് മോദി, നരേന്ദ്രമോദി എന്നീ മൂന്ന് മോദിമാര്‍ ചേര്‍ന്ന് രാജ്യത്തെ കൊള്ളയടിക്കുകയാണ്. നരേന്ദ്രമോദിയുടെ സാമ്പത്തിക പദ്ധതികളെല്ലാം ഒരു ദുരന്തമായി തീരുകയാണെന്നും സൗഗതറോയ് ആരോപിച്ചു.

ചുറ്റിക്കറങ്ങി പ്രസ്താവനകള്‍ മാത്രമാണ് മോദി നടത്തുന്നത്.  ജനങ്ങള്‍ക്കാവശ്യമായ ഒന്നും പ്രഖ്യാപിക്കുന്നില്ല. സഞ്ചരിക്കുക എന്നത് അദ്ദേഹത്തിന്റെ ശീലമായി മാറിയെന്നും സൗഗതറോയ് പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രിയെന്ന സ്ഥാനത്തെ അപമാനിക്കുകയാണ്. ബി.ജെ.പി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വലിയ ദുരന്തമാണ്. തൊഴിലില്ലായ്മയും അഴിമതിയുമാണ് ഈ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സമ്മാനിച്ചത്. ബാങ്കുകള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും സൗഗത റോയ് ആരോപിച്ചു. 

ജനങ്ങള്‍ക്ക് ഭയത്തിന്റെ രാഷ്ട്രീയമാണ് ബിജെപി സര്‍ക്കാര്‍ സമ്മാനിക്കുന്നത്. മെയ് ഒന്നു മുതല്‍ ജൂലായ് പത്ത് വരെയുള്ള കാലയളവില്‍ മാത്രം 81 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ കൊല്ലപ്പെട്ടത്. പശുസംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം മതവിഭാഗങ്ങള്‍ ആള്‍കൂട്ട മര്‍ദനത്തിന് ഇരയായികൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് ബിജെപി വാദിക്കുന്നതെങ്കിലും അവരുടെ ലക്ഷ്യം മുസ്‌ലിം മുക്ത ഭാരതമാണെന്നും സൗഗതറോയ് ആരോപിച്ചു.