മൂട്ടകടിയേല്‍ക്കാനാണോ ബിസിനസ് ക്ലാസില്‍ പണം തരുന്നത്? മൂട്ട കടിയേറ്റ് വീര്‍ത്ത കൈകളുമായി എയര്‍ഇന്ത്യക്ക് യുവതിയുടെ ട്വീറ്റ്‌

കൈക്കുഞ്ഞുള്‍പ്പടെ മൂന്ന് കുട്ടികളുമായാണ് താന്‍ യാത്ര ചെയ്തതെന്നും സീറ്റ് മാറ്റിത്തരാന്‍ പോലും എയര്‍ ഇന്ത്യ തയ്യാറായില്ലെന്നും സൗമ്യാ ഷെട്ടി
മൂട്ടകടിയേല്‍ക്കാനാണോ ബിസിനസ് ക്ലാസില്‍ പണം തരുന്നത്? മൂട്ട കടിയേറ്റ് വീര്‍ത്ത കൈകളുമായി എയര്‍ഇന്ത്യക്ക് യുവതിയുടെ ട്വീറ്റ്‌

മുംബൈ: എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത യുവതിയെ ദേഹമാസകലം മൂട്ട കടിച്ചതായി പരാതി. ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയിലാണ് യുവതിക്ക് മൂട്ടകടിയേറ്റത്.ഇതിന്റെ ചിത്രങ്ങള്‍ ഇവര്‍ ട്വിറ്ററില്‍ പങ്കുവച്ചു. കൈക്കുഞ്ഞുള്‍പ്പടെ മൂന്ന് കുട്ടികളുമായാണ് താന്‍ യാത്ര ചെയ്തതെന്നും സീറ്റ് മാറ്റിത്തരാന്‍ പോലും എയര്‍ ഇന്ത്യ തയ്യാറായില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു. 

'ദേഹം മുഴുവന്‍ മൂട്ടകടിച്ചതിന്റെ വേദനയാണ്. എയര്‍ഇന്ത്യയുടെ ബിസിനസ് ക്ലാസിനോട് നന്ദിയുണ്ട്. യാത്രക്കാരെ മൂട്ടകടിയേല്‍പ്പിക്കുന്നതിനാണോ നിങ്ങള്‍ പണം ഈടാക്കുന്നത്? പുലര്‍ച്ചെ വിമാനമിറങ്ങുന്നതിന് അല്‍പ്പം മുന്‍പ് മാത്രമാണ് സീറ്റ് മാറ്റിത്തന്നത്. ദുരിതമായിരുന്നു യാത്ര. മൂന്ന് മക്കളെയും കൊണ്ടാണ് ഞാന്‍ ഈ ദുരിതയാത്ര പൂര്‍ത്തിയാക്കിയതെന്ന് ഓര്‍ത്തോളൂ 'എന്നായിരുന്നു സൗമ്യാ ഷെട്ടി ട്വിറ്ററില്‍ കുറിച്ചത്.

ഒരാഴ്ചയ്ക്കിടെ ഇതേ ഫ്‌ളൈറ്റിലെ മൂട്ടശല്യത്തെ കുറിച്ച് പരാതി ഉന്നയിക്കുന്ന രണ്ടാമത്തെ യാത്രക്കാരിയാണ് സൗമ്യ ഷെട്ടി.വിമാനത്തിലെ സ്റ്റാഫുകള്‍ വളരെ മോശമായാണ് പെരുമാറിയതെന്നും അവര്‍ പറഞ്ഞു.കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ ബിസിനസ് ക്ലാസാവും നന്നാവുന്നതെന്ന് കരുതി. പക്ഷേ ദുരിതമായിരുന്നു എന്നും അവര്‍ കുറിച്ചു.

വെള്ളിയാഴ്ച ഇതേ ഫ്‌ളൈറ്റില്‍ യാത്ര ചെയ്ത കുട്ടിക്കും മൂട്ടകടിയേറ്റിരുന്നു. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. ഇതേ ഫ്‌ളൈറ്റിലുണ്ടായിരുന്ന പ്രവിണ്‍ തൊന്‍ശേഖറും എയര്‍ ഇന്ത്യയുടെ വിമാനത്തിലെ മൂട്ടശല്യത്തിനെതിരെ പരാതി നല്‍കിയിരുന്നു. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കുടുംബവുമായി യാത്ര ചെയ്തപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നാണ് പ്രവിണ്‍ പറയുന്നത്. ട്രെയിനില്‍ മൂട്ടയുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ എയര്‍ഇന്ത്യയില്‍ അതും ബിസിനസ് ക്ലാസില്‍ നിന്ന് ഈ അനുഭവം ഉണ്ടായത് ഞെട്ടിച്ചുവെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ ടാഗ് ചെയ്ത ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.

എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര സര്‍വ്വീസുകളിലൊന്നായ ഡല്‍ഹി-സന്‍ഫ്രാന്‍സിസ്‌കോ ഫ്‌ളൈറ്റില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് എലിയെ കണ്ടെത്തിയത്.ഇതേത്തുടര്‍ന്ന് ടേക്ക് ഓഫ് ഒന്‍പത് മണിക്കൂര്‍ വൈകിയിരുന്നു.200 യാത്രക്കാരാണ് അന്ന് വിമാനത്തിലുണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com