ഡല്‍ഹിയില്‍ മൂന്ന് സഹോദരിമാര്‍ മരിച്ചത് പട്ടിണിമൂലമല്ല; പ്രാഥമിക റിപ്പോര്‍ട്ടില്‍ മരണം അച്ഛന്‍ നല്‍കിയ മരുന്ന് കഴിച്ചതുമൂലം

ഡല്‍ഹിയില്‍ മൂന്നു സഹോദരിമാരുടെ മൃതദേഹങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടികള്‍ മരിച്ചത് അച്ഛന്‍ നല്‍കിയ മരുന്ന് കഴിച്ചതുമൂലമെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹിയില്‍ മൂന്ന് സഹോദരിമാര്‍ മരിച്ചത് പട്ടിണിമൂലമല്ല; പ്രാഥമിക റിപ്പോര്‍ട്ടില്‍ മരണം അച്ഛന്‍ നല്‍കിയ മരുന്ന് കഴിച്ചതുമൂലം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുട്ടികള്‍ മരിച്ചത് അച്ഛന്‍ നല്‍കിയ മരുന്ന് കഴിച്ചതുമൂലമെന്ന് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ചു തയ്യാറാക്കിയ മജിസ്‌ട്രേറ്റ് തല പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലാണ് മരുന്നിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. പിതാവ് കുട്ടികള്‍ക്ക് അജ്ഞാതമായ എന്തോ മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയശേഷം ഇവരുടെ അച്ഛന്‍ മംഗള്‍ സിങ് ഒളിവിലാണ്. 

കുട്ടികളുടെ പോഷകനില മോശപ്പട്ട അവസ്ഥയിലായിരുന്നെങ്കിലും മൂവരും ദിവസവും ഭക്ഷണം കഴിച്ചിരുന്നെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായിരുന്നെന്നും ഇത് ഉദരസംബന്ധമായ അണുബാധ മൂലമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡാവലിയിലാണ് രണ്ടും നാലും എട്ടും വയസ്സുള്ള പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ പെണ്‍കുട്ടികളെ അമ്മയും സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികള്‍ മരിച്ചതെങ്ങനെയെന്ന് ചോദിച്ച പൊലീസുകാരോട് കുറച്ചു ആഹാരം തരുമോയെന്ന് ചോദിച്ച് അമ്മ തളര്‍ന്നുവീഴുകയായിരുന്നു. കുട്ടികള്‍ പട്ടിണിമൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക പരിശോധനയ്ക്കുശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത്. മൃതദേഹ പരിശോധനാറിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കുട്ടികളുടെ വയറ്റില്‍ ഒന്നുമില്ലായിരുന്നുവെന്നും പോഷകാഹാരക്കുറവുമൂലമാണ് കുട്ടികള്‍ മരിച്ചതെന്നുമാണ് അശുപത്രി അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം. 

കുട്ടികളുടെ മരണം ബോധപൂര്‍വം സംഭവിച്ചതോ ശ്രദ്ധക്കുറവ് മൂലമുണ്ടായതോ ആകാമെന്ന് മജിസ്‌ട്രേറ്റ് തല റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ മരിക്കുന്നതിന്റെ തലേ ദിവസം മംഗള്‍ സിങ് എന്തോ മരുന്ന് വെള്ളത്തില്‍ കലക്കി കുട്ടികള്‍ക്ക് നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി. കഴിഞ്ഞ മൂന്നു ദിവസമായി ഇവര്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് വയറിളക്കത്തിനുള്ള മരുന്ന് അടങ്ങിയ കുപ്പി കണ്ടെടുത്തു. 

ഇടയ്ക്കിടെ താമസിക്കുന്ന വീട് മാറുന്ന പതിവ് ഇവര്‍ക്കുണ്ടായിരുന്നെന്നും അതിനാല്‍തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ഇവരില്‍ എത്തിപ്പെട്ടിരുന്നില്ലെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. ചില മാസങ്ങളില്‍ ഇവര്‍ മറ്റു സംസ്ഥാനത്തേക്ക് താമസം മാറ്റിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com