കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരം; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2018 01:00 AM  |  

Last Updated: 29th July 2018 01:00 AM  |   A+A-   |  

karunanidhi

 

ചെന്നൈ; തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ചികിത്സ നടത്തുന്ന കാവേരി ആശുപത്രിയാണ് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വിവരം പുറത്തുവിട്ടത്. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ തുടരുകയാണെന്നും രാത്രി പുറപ്പെടുവിച്ച ബുള്ളറ്റിനില്‍ അറിയിച്ചു. 

രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ ഗോപാലപുരത്തെ വസതിയില്‍ വിദഗ്ധ ഡോക്റ്ററുടെ പരിചരണത്തിലായിരുന്നു അദ്ദേഹം. ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയതിന് പിന്നാലെ വീട്ടിലും ആശുപത്രിയിലും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

ആശുപത്രിയില്‍ വിഐപികള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെ പല പ്രമുഖരും ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രിയിലെത്തിയിരുന്നു.