മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍: പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ അനാസ്ഥ കാട്ടിയ സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

കോടതിയില്‍ വച്ച് സി.ബി.ഐ തലവന്‍ അശോക് കുമാര്‍ വര്‍മയെ പരമോന്നത കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു
മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍: പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ അനാസ്ഥ കാട്ടിയ സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ 14 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ അനാസ്ഥ കാട്ടിയ സി.ബി.ഐ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. കോടതിയില്‍ വച്ച് സി.ബി.ഐ തലവന്‍ അശോക് കുമാര്‍ വര്‍മയെ പരമോന്നത കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. കൊലപാതകികളെ സമൂഹത്തില്‍ തുറന്ന് വിട്ടാല്‍ എന്തൊക്കെ സംഭവിക്കുമെന്നും കോടതി ചോദിച്ചു. മണിപ്പൂരില്‍ ഇതുവരെ നടന്നിട്ടുള്ള 1528 വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം. 

ഇതടക്കം സമാനമായ ഏഴ് കേസുകളിലെ നടപടിക്രമങ്ങളിലുള്ള കാലതാമസവും അന്വേഷണത്തിന്റെ മെല്ലെപ്പോക്കും കോടതി വിമര്‍ശന വിധേയമാക്കി. അന്വേഷണത്തിലെ കാലതാമസമടക്കമുള്ള വിഷയങ്ങളെ തുടര്‍ന്നാണ് കോടതി സി.ബി.ഐ തലവനെ നേരിട്ട് വിളിപ്പിച്ചത്. 

എന്നാല്‍ 41 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും രണ്ട് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ ബാക്കി അഞ്ച് കേസുകളിലെ കുറ്റപത്രം ഓഗസ്റ്റ് അവസാനം സമര്‍പ്പിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 14 പേര്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ വിശദീകരണത്തില്‍ കോടതി തൃപ്തരായില്ല. 

പ്രതികള്‍ സമൂഹത്തില്‍ സൈ്വരമായി വിഹരിക്കുകയാണെന്നും ഇത്തരം കാര്യങ്ങള്‍ അനുവദിച്ചാല്‍ എന്താകും സ്ഥിതിയെന്നും കോടതി ചോദിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും തടസങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കാനും കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 20ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പത്യേക സൈനികാധികാര നിയമം ഉപയോഗിച്ച് നിരപരാധികളെ സൈന്യം വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവച്ച് കൊന്നെന്ന പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com