എന്റെ കരുതല്‍ കര്‍ണാടകയുടെ ഫിറ്റ്‌നസ് ; മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് തളളി കുമാരസ്വാമി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് നിരസിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.
എന്റെ കരുതല്‍ കര്‍ണാടകയുടെ ഫിറ്റ്‌നസ് ; മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് തളളി കുമാരസ്വാമി

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് നിരസിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കര്‍ണാടക സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതിയ്ക്കാണ് താന്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് എന്ന് ചൂണ്ടിക്കാണിച്ച് ട്വിറ്ററിലുടെയാണ് കുമാരസ്വാമി മോദിയുടെ വെല്ലുവിളി നിരസിച്ചത്. 

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ദൈനം ദിന വ്യായാമ മുറകള്‍ വെളിപ്പെടുത്തുന്ന വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തുവിട്ടിരുന്നു.  ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മോദി വീഡിയോ പുറത്തുവിട്ടത്. ഇതിന് പുറമെ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിനായി മോദി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കുമാരസ്വാമിയുടെ പ്രതികരണം. 

തന്റെ ആരോഗ്യകാര്യത്തില്‍ പ്രത്യേക താത്പര്യം കാണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിച്ചുകൊണ്ടാണ് കുമാരസ്വാമിയുടെ ട്വിറ്റര്‍ സന്ദേശം തുടങ്ങുന്നത്. ആരോഗ്യം നിലനിര്‍ത്തുന്നതിന് വ്യായാമമുറകള്‍ അനിവാര്യമാണ്. തന്റെ ദൈനംദിനമുളള വ്യായാമമുറയില്‍ യോഗയും ട്രെഡ്മിലും ഉള്‍പ്പെടുന്നു. എന്നാല്‍ ഇതിനേക്കാള്‍ എല്ലാമുപരി കര്‍ണാടക സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതിയിലും വികസനത്തിലുമാണ് താന്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതെന്ന് ട്വിറ്റില്‍ പറയുന്നു. അതിനാല്‍ വിനയപൂര്‍വ്വം താങ്കളുടെ വെല്ലുവിളി നിരസിക്കുന്നതായും മോദിയ്ക്കുളള മറുപടിയായി കുമാരസ്വാമി ട്വിറ്റില്‍ കുറിച്ചു.

കുമാരസ്വാമിയെ കൂടാതെ 2018 കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരങ്ങള്‍, ഇന്ത്യയിലെ ഐപിഎല്‍ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് പ്രായം നാല്‍പത് കടന്നവര്‍ എന്നിവരേയും പ്രധാനമന്ത്രി ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുക്കുന്നതിനായി വെല്ലുവിളിച്ചിട്ടുണ്ട്.

കേന്ദ്ര കായിക മന്ത്രി തുടങ്ങിവെച്ച ഫിറ്റ്‌നസ് ചലഞ്ചില്‍ സാമൂഹ്യ, രാഷ്ട്രീയ, സിനിമാ, കായിക മേഖലയില്‍ നിന്നുമുള്ള സെലിബ്രിറ്റികള്‍ ഭാഗമായിരുന്നു. അതോടെ സമൂഹമാധ്യമങ്ങളില്‍ ഫിറ്റ്‌നസ് ചലഞ്ച് ട്രെന്‍ഡായി മാറുകയായിരുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനായുള്ള വര്‍ക്കഔട്ടില്‍ ഏര്‍പ്പെടുന്നതിന്റെ ഫോട്ടോയോ വീഡിയോയോ ഷെയര്‍ ചെയ്യണമെന്നതായിരുന്നു ചലഞ്ച്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ചലഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ ചലഞ്ച് ഏറ്റെടുക്കുന്നതായി മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീഡിയോ എത്താന്‍ ആഴ്ചകളെടുത്തു. കോഹ് ലിയുടെ വെല്ലുവിളി ഏറ്റെടുത്തതിന് പുറമെ മോദിയെ ട്രോളി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരും എത്തിയിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ സാധിക്കുമോ എന്നെല്ലാമുള്ള വെല്ലുവിളിയായിരുന്നു പിന്നെ മോദിക്ക് നേരെ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com