ഹാദിയ കേസില്‍  സുപ്രിം കോടതി ഇന്ന് ഉച്ചയ്ക്ക് വിധി പറയും

ഹാദിയ കേസില്‍  സുപ്രിം കോടതി ഇന്ന് ഉച്ചയ്ക്ക് വിധി പറയും
ഹാദിയ കേസില്‍  സുപ്രിം കോടതി ഇന്ന് ഉച്ചയ്ക്ക് വിധി പറയും

ന്യൂഡല്‍ഹി: വൈക്കം സ്വദേശി ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്നു വിധി പറയും. ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉച്ചയ്ക്കു രണ്ടു മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറയുന്നത്. 

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചുകൊണ്ട്, പ്രായപൂര്‍ത്തിയായ ഒരാളുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പരിഗണിക്കുകയെന്ന് വാദം കേള്‍ക്കലിനിടെ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. വിവാഹവും തീവ്രവാദവുമായി ബന്ധപ്പെട്ട കേസും രണ്ടായി കാണണമെന്നും സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫിന്‍ ജഹാനും ഹാദിയയ്ക്കുമെതിരെ കേസെടുക്കാം, എ്ന്നാല്‍ ഇവരുടെ വിവാഹത്തിനെതിരെ നിയമ നടപടിയെടുക്കാനാവില്ലെന്ന് വ്യാഴാഴ്ചയും കോടതി വ്യക്തമാക്കി. 

ഹാദിയയെ സിറിയയിലേക്കു കടത്തും എന്നതുകൊണ്ടാണ് ഹൈക്കോടതി ഇടപെട്ടതെന്ന, അശോകന്റെ വാദത്തെ സുപ്രിം കോടതി ചോദ്യം ചെയ്തു. പരസ്പര സമ്മതമുള്ള വിവാഹമായതുകൊണ്ട് പങ്കാളികള്‍ക്കിടയിലെ സമ്മതത്തെക്കുറിച്ച് അന്വേഷണം നടത്താനാവുമോയെന്ന് കോടതി ചോദിച്ചു. 

വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തനിക്ക് തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചതായും ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തന്നെ കാണാന്‍ വന്നവരുടെ വിശദാംശങ്ങള്‍ പൂര്‍ണമായും പക്കലുണ്ട്. ഇത് പരിശോധിച്ചാല്‍ മതംമാറ്റ സമ്മര്‍ദത്തിന്റെയും ഭീഷണിയുടെയും വിവരം വ്യക്തമാകും.

വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണം. സ്വതന്ത്രയായി ജീവിക്കാന്‍ പൂര്‍ണസ്വാതന്ത്രം പുനഃസ്ഥാപിക്കണം. ഷെഫിന്‍ ജഹാനെ രക്ഷകര്‍ത്താവായി അംഗീകരിക്കണം. ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണമെന്നുംഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതല്ല തന്റെ പ്രശ്‌നം. ഹാദിയയുടെ സുരക്ഷ മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് പിതാവ് അശോകന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഉദ്ദേശം. സിറിയയില്‍ ഭീകരരുടെ ലൈംഗിക അടിമയാക്കാനായിരുന്നു പദ്ധതിയെന്നും അശോകന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com