'വീട്ടിലേക്ക് വരാന്‍ എന്റെ അമ്മയെ സഹായിക്കൂ'; സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച് യുവതി

അമ്മയെക്കൊണ്ട് നിര്‍ബന്ധിച്ച് ഡാന്‍സ് ചെയ്യിക്കുകയും വിസമ്മതിച്ചാല്‍ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നുവെന്നും സിന്ധു പറഞ്ഞു
'വീട്ടിലേക്ക് വരാന്‍ എന്റെ അമ്മയെ സഹായിക്കൂ'; സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച് യുവതി

വിദേശത്ത് നിന്ന് അമ്മയെ രക്ഷിക്കാന്‍ സഹായിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് അഭ്യര്‍ത്ഥിച്ച് ഹൈദരാബാദ് സ്വദേശിനി. ദുബായില്‍ നിന്ന് മസ്‌കറ്റിലേക്ക് തൊഴിലുടമ അനധികൃതമായി കടത്തിയ അമ്മയെ നാട്ടിലേക്ക് തിരികെ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് മകള്‍ സിന്ധുവാണ് രംഗത്തെത്തിയിരിക്കുന്നത്. 

മസ്‌കറ്റില്‍ അമ്മ കടുത്ത പീഡനത്തിന് ഇരയാകുകയാണെന്നാണ് സിന്ധു പറയുന്നത്. അമ്മയെ രക്ഷിക്കണമെന്ന് അപേക്ഷയുമായി സുഷമ സ്വരാജിനേയും ഇന്ത്യന്‍ എംബസിയേയും  തെലുങ്കാന ഗവണ്‍മെന്റിനേയും സമീപിച്ചുവെന്നും യുവതി വ്യക്തമാക്കി. തൊഴിലുടമയുടെ അടുത്തു നിന്ന് രക്ഷപ്പെട്ട് ജനുവരിയില്‍ മസ്‌കറ്റിലെ ഒരു പള്ളിയില്‍ അമ്മ എത്തി. ഇപ്പോള്‍ ഇന്ത്യന്‍ എംബസിയിലാണ് അമ്മ. എന്നാല്‍ അമ്മയുടെ പാസ്‌പോര്‍ട്ടും മറ്റും തൊഴിലുടമയുടെ കൈയില്‍ ആയതിനാല്‍ തിരിച്ചുവരാന്‍ പറ്റാത്ത അവസ്ഥയാണ്. 

കഴിഞ്ഞ വര്‍ഷമാണ് ഒരു ഏജന്റ് വന്ന് അമ്മയ്ക്ക് ജോലി വാഗ്ധാനം ചെയ്തത്. ദുബായില്‍ സെയില്‍സ് ഗേളിന്റെ ജോലിയാണെന്നാണ് പറഞ്ഞത്. ഇത് വിശ്വസിച്ച് ഒക്‌റ്റോബര്‍ 11ന് അമ്മ ദുബായിലേക്ക് പോയി. ഒരു മാസത്തോളം അവിടെ തങ്ങി. പ്രതിമാസം 15,000 രൂപയാണ് വാഗ്ധാനം ചെയ്ത് നവംബര്‍ ആയപ്പോള്‍ അമ്മയെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ അമ്മയെക്കൊണ്ട് നിര്‍ബന്ധിച്ച് ഡാന്‍സ് ചെയ്യിക്കുകയും വിസമ്മതിച്ചാല്‍ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നുവെന്നും സിന്ധു പറഞ്ഞു. വിദേശത്ത് കുടുങ്ങിപ്പോയ നിരവധി പേരെ സുഷമ സ്വരാജ് നാട്ടില്‍ എത്തിച്ചിട്ടുണ്ട്. ഈ വിശ്വാസത്തിലാണ് അമ്മയെ സഹായിക്കണം എന്നാവശ്യപ്പെട്ട് യുവതി വിദേശകാര്യ മന്ത്രിയെ സമീപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com