ബംഗാളില്‍ രാമനവമി ആഘോഷം തൃണമൂലിന്റെയും ബിജെപിയുടെയും രാഷ്ട്രീയയുദ്ധമായി

ബംഗാള്‍ ജനതയെ രാമനവമി ദിനത്തിന്റെ പേരില്‍ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനാണു തങ്ങള്‍ റാലികളും ഘോഷയാത്രകളും സംഘടിപ്പിച്ചത്‌ 
ബംഗാളില്‍ രാമനവമി ആഘോഷം തൃണമൂലിന്റെയും ബിജെപിയുടെയും രാഷ്ട്രീയയുദ്ധമായി

കൊല്‍ക്കത്ത; ബംഗാളിന്റെ  ചരിത്രത്തിലാദ്യമായി റാലികളും വര്‍ണശബളമായ ഘോഷയാത്രകളും സംഘടിപ്പിച്ചു ബിജെപിയുടെയും തൃണൂമൂല്‍ കോണ്‍ഗ്രസിന്റെയും രാമനവമി ആഘോഷം. ഹിന്ദു ആഘോഷങ്ങളുടെ കുത്തക ബിജെപിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞായിരുന്നു തൃണമൂല്‍ ആഘോഷത്തിന് നേതൃത്വം നല്‍കിയത്.  എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ബംഗാളിലെ ഹിന്ദുക്കളെ ഏകീകരിക്കാനുള്ള ആദ്യ നീക്കമെന്ന നിലയിലാണ് റാലികള്‍ സംഘടിപ്പിച്ചത്. 

മഹാനവമി റാലിയും മറ്റു ഹൈന്ദവ ഉല്‍സവങ്ങളും ബിജെപിയുടെ കുത്തകയല്ല എന്നു തെളിയിക്കുന്നതൊടൊപ്പം ബംഗാള്‍ ജനതയെ രാമനവമി ദിനത്തിന്റെ പേരില്‍ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനാണു തങ്ങള്‍ റാലികളും ഘോഷയാത്രകളും സംഘടിപ്പിക്കുന്നതെന്നും തൃണമൂല്‍ വ്യക്തമാക്കി.

പതിവുപോലെ ഇക്കുറി ആയുധങ്ങളുമായി റാലി നടത്താന്‍ അനുവദിക്കില്ലെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തതായി ബിജെപി സംസ്ഥാന ഘടകം അവകാശപ്പെട്ടു. ഹിന്ദുവിരുദ്ധത മുഖമുദ്രയാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സംസ്ഥാനത്തെ ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള ആദ്യ ശ്രമമാണു രാമനവമി റാലികളെന്നും ബിജെപിയുടെ ബംഗാളിലെ അധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് പോലും രാമനവമി ആഘോഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതു തങ്ങളുടെ ഹിന്ദുത്വ അജന്‍ഡയുടെ വിജയമാണെന്നു ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ അവകാശപ്പെട്ടു. ബംഗാളില്‍ മാറ്റം അനിവാര്യമാണ് എന്നതിന്റെ തെളിവാണു മമത ബാനര്‍ജിയുടെ പാര്‍ട്ടി പോലും രാമനവമി ആഘോഷിക്കുന്നതും റാലികള്‍ സംഘടിപ്പിക്കുന്നതും. ഹിന്ദുത്വത്തിനു മുന്നില്‍ മമത മുട്ടുമടക്കിയതിന്റെ തെളിവാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com