കുതിരക്കച്ചവടമല്ല, കര്‍ണാടകയില്‍ നടക്കുന്നത് കഴുതക്കച്ചവടം: രാം ജത്മലാനി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2018 02:20 PM  |  

Last Updated: 17th May 2018 02:20 PM  |   A+A-   |  

RamJethmalani

 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നടക്കുന്നത് കുതിരക്കച്ചവടമല്ല, കഴുതക്കച്ചവടമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി. അഴിമതിക്കുള്ള തുറന്ന ക്ഷണമാണ് കര്‍ണാടകയിലേത്. ജനാധിപത്യത്തെ നശിപ്പിക്കാനാണ് ശ്രമം. അങ്ങനെ മാത്രമേ ബിജെപിക്കു ജയിക്കാനാവൂവെന്ന് രാം ജത്മലാനി പറഞ്ഞു. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജീവ അഭിഭാഷക വൃത്തിയില്‍നിന്ന് വിരമിച്ച രാം ജത്മലാനി കര്‍ണാടക ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയുമായി നേരിട്ടെത്തുകയായിരുന്നു. തന്റെ ജീവിതത്തില്‍ ഒരു ലക്ഷ്യം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ തകര്‍ക്കുക എന്നതാണത്. തനിക്കു സുപ്രിം കോടതിയില്‍ വിശ്വാസം നഷ്ടമായിട്ടില്ലെന്ന്, ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി പരാമര്‍ശിച്ചുകൊണ്ട് രാം ജത്മലാനി പറഞ്ഞു.

ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ഗുരുതരമായ അധികാര ദുര്‍വിനിയോഗമാണ് കര്‍ണാടക ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ജത്മലാനി അഭിപ്രായപ്പെട്ടു. ഗവര്‍ണറുടെ നടപടി ചോദ്യംചെയ്തുള്ള ഹര്‍ജി ജത്മലാനി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ റഫര്‍ ചെയ്തിരുന്നു. നാളെ ഉചിതമായ ബെഞ്ചിനു മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കാനാണ് ബെഞ്ച് പ്രതികരിച്ചത്. 

ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നു നല്‍കിയ ഹര്‍ജി നാളെ സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്.