ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ വീടിന് പുറത്താക്കി; 12കാരി തെങ്ങ് വീണ് മരിച്ചു

ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ വീടിന് പുറത്തുകിടത്തിയ 12കാരിക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തഞ്ചാവൂര്‍: ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ വീടിന് പുറത്തുകിടത്തിയ 12കാരിക്ക് ദാരുണാന്ത്യം. തഞ്ചാവൂര്‍ ജില്ലയിലെ ആനൈക്കാട്ടിലെ 12കാരിയായ വിജയയാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ കഴപുഴകിയ തെങ്ങ് ഷെഡിന് മുകളില്‍ വീണാണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം ഉണ്ടായത്.

ആദ്യ ആര്‍ത്തവമായിരുന്നു വിജയയുടേത്. ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ വീടിന് പുറത്തെ പ്രത്യേക ഷെഡില്‍ കിടക്കാനാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ അനുവദിച്ചത്. ഇതിനിടെ തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ കഴപുഴകിയ തെങ്ങ് ഷെഡിന് മുകളില്‍ വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു.

ഗജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും വീടുകളില്‍ നിന്ന് മാറണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുന്നറിയിപ്പുകള്‍ ചെവിക്കൊണ്ടില്ല. കൂടാതെ പെണ്‍കുട്ടിയെ വീടിന് പുറത്തുള്ള ഷെഡില്‍ ഒറ്റയ്ക്ക് കിടത്തുകയും ചെയ്തു. കുട്ടിക്കൊപ്പം ഉറങ്ങിയിരുന്ന അമ്മയെ ഗുരുതര പരുക്കുകളോടെ പാട്ടുകൊട്ടൈ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യമായി ആര്‍ത്തവമാകുന്ന പെണ്‍കുട്ടികള്‍ വീടിന് പുറത്ത് കഴിയണമെന്നാണ് തമിഴ്‌നാട്ടിലെ ആചാരം. 

പത്ത് ദിവസമെങ്കിലും പെണ്‍കുട്ടികള്‍ പുറത്ത് കഴിയേണ്ടി വരാറുണ്ട്. തുടര്‍ന്ന് ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമേ പെണ്‍കുട്ടികളെ വീടിനകത്തേക്ക് പ്രവേശിപ്പിക്കൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com