ബലാത്സംഗക്കേസില്‍ പ്രതിയായിരുന്നയാള്‍ക്ക് ജഡ്ജിയായി നിയമനം ; തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് സുപ്രിംകോടതി 

ന്യായാധിപന്‍മാര്‍ക്ക് സ്വഭാവഗുണം വേണമെന്ന സര്‍ക്കാര്‍ വാദത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ധാര്‍മ്മികതയുടെയും സാങ്കേതിക കാര്യങ്ങളുടെയും പേരില്‍ തൊഴില്‍ നിഷേധിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
ബലാത്സംഗക്കേസില്‍ പ്രതിയായിരുന്നയാള്‍ക്ക് ജഡ്ജിയായി നിയമനം ; തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് സുപ്രിംകോടതി 

 ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയാക്കപ്പെട്ടിരുന്നയാളെ ജഡ്ജിയാക്കി നിയമിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി. 2000 ത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21 കാരനായ മുഹമ്മദ് ഇമ്രാനും കൂട്ടുകാര്‍ക്കുമെതിരെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പെണ്‍കുട്ടി കൂറുമാറിയതോടെ പ്രതികളെ കോടതി വെറുതേ വിട്ടു. 

ഒന്‍പത് വര്‍ഷം കഴിഞ്ഞ് മഹാരാഷ്ട്രാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ ഇമ്രാന്‍ വിജയിച്ചുവെങ്കിലും ജഡ്ജിയായി നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. ഇമ്രാന്‍ ഇതിനെതിരെ ബോംബൈ ഹൈക്കോടതിയില്‍ കേസ് നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് ശരിയെന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ആണ് ഇമ്രാന് അനുകൂലമായി ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 

ന്യായാധിപന്‍മാരായി ജോലി ചെയ്യാന്‍ പോകുന്നവരുടെ പൂര്‍വചരിത്രം വളരെ പ്രധാനപ്പെട്ടതാണെന്നും ബലാത്സംഗക്കേസില്‍ കുറ്റം ആരോപിക്കപ്പെട്ടയാളെ ഈ പദവിയിലേക്ക് നിയമിക്കാനാവില്ലെന്നുമാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ വാദിച്ചത്. ന്യായാധിപന്‍മാര്‍ക്ക് സ്വഭാവഗുണം വേണമെന്ന സര്‍ക്കാര്‍ വാദത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ധാര്‍മ്മികതയുടെയും സാങ്കേതിക കാര്യങ്ങളുടെയും പേരില്‍ തൊഴില്‍ നിഷേധിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

 തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാണെന്നും ഇമ്രാന് തൊഴില്‍ നിഷേധിക്കുന്നത് വിവേചനമാണെന്നും കോടതി പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ ഇമ്രാനെ ജഡ്ജിയായി നിയമിക്കണമെന്നും കോടതി മഹാരാഷ്ട്രാ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com