അര്‍ബന്‍ നക്‌സല്‍, ഹിന്ദു തീവ്രവാദി വിളികള്‍ക്ക് പകരം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കൂ: ശിവസേന

മാവോയിസ്റ്റ് ബന്ധമാരോപിച്ച് പിടികൂടിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്ര പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ ശിവസേന.
അര്‍ബന്‍ നക്‌സല്‍, ഹിന്ദു തീവ്രവാദി വിളികള്‍ക്ക് പകരം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കൂ: ശിവസേന

മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പിടികൂടിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്ര പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ ശിവസേന. അര്‍ബന്‍ നക്‌സലെന്നും ഹിന്ദു തീവ്രവാദിയെന്നും മുദ്ര കുത്തുന്നതിന് പകരം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ശ്രദ്ധിക്കേണ്ടതെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. 

മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളമ്പുന്നതിന് പകരം കോടതിയില്‍ തെളിവ് സമര്‍പ്പിക്കാനാണ് പൊലീസ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ തെളിവ് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ വിധി പ്രഖ്യാപിക്കുന്ന പുതിയ സംസ്‌ക്കാരം പൊലീസുകാര്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതികള്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് കോടതിയില്‍ സമര്‍പ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കഴിഞ്ഞ വെള്ളിയാഴ്ച പൂനെ പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന കത്ത് എഡിജിപി പരംബീര്‍ സിംഗ് വായിച്ചിരുന്നു. ഈ വിഷയത്തിലാണ് താക്കറെയുടെ വിമര്‍ശനം.

ഭീമ കൊറഗാവ് കലാപവുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിന് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്. സര്‍ക്കാരിനെ താഴെയിറക്കാനായി റഷ്യയുടെയും ചൈനയുടെയും ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാവോയിസ്റ്റ് സംഘടനകളുടെ നേതൃത്വത്തില്‍ വലിയ തോതില്‍ ഗൂഡാലോചന നടന്നിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് ഈ ഗൂഢാലോചനകളില്‍ വലിയ പങ്കുണ്ട്. 

പാരീസ് പൊലുള്ള നഗരങ്ങളില്‍ വച്ചാണ് അവരുടെ മീറ്റിംഗുകള്‍ നടന്നിരുന്നത്. പ്രവര്‍ത്തനത്തിനുള്ള ഫണ്ടും അവിടെനിന്നാണ് വന്നിരുന്നത്. മണിപ്പൂര്‍, കാശ്മീര്‍ എന്നിവിടങ്ങളിലെ വിഘടനവാദികളുമായും ഇവര്‍ക്ക് അടുത്ത ബന്ധമാണുള്ളത്. കശ്മീല്‍ നടക്കുന്നതുപോലുള്ള കല്ലെറിയലും മറ്റും രാജ്യത്തിന്റെ മറ്റുസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും വളരെ ശക്തമായ തെളിവുകളാണ് ഞങ്ങള്‍ക്കുള്ളതെന്നും എഡിജിപി ആരോപിച്ചിരുന്നു.
     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com