ഇന്ത്യാ-പാക് മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറി

അടുത്ത ആഴ്ച്ച ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയാണ് ഇന്ത്യ റദ്ദാക്കിയത്. 
ഇന്ത്യാ-പാക് മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറി

ന്യൂഡല്‍ഹി: കശ്മീരിലെ മൂന്ന് പൊലീസുകാരെ പാക് സൈന്യം വധിച്ചതിന് പിന്നാലെ ഇന്ത്യാ-പാക് മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറി. പ്രഖ്യാപനം വന്ന് 24 മണിക്കൂര്‍ തികയും മുന്‍പേയാണ് പാകിസ്താനുമായുള്ള ചര്‍ച്ച ഇന്ത്യ റദ്ദാക്കിയത്. അടുത്ത ആഴ്ച്ച ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയാണ് ഇന്ത്യ റദ്ദാക്കിയത്. 

ജമ്മു കശ്മീരില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചയില്‍ നിന്നും പിന്‍മാറുന്നതെന്നും അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇമ്രാന്‍ ഖാന്റെ തനിസ്വരൂപം പുറത്തു വന്നെന്നും ഇന്ത്യ വ്യക്തമാക്കി. 

ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനൊപ്പം ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ ഇന്ത്യാ പാക് ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. 

യുഎന്‍ പൊതുസഭാ സമ്മേളനത്തിനൊപ്പം കൂടിക്കാഴ്ചയും നടത്തട്ടെയെന്ന നിര്‍ദേശം ഇമ്രാന്‍ ഖാനാണ് മുന്നോട്ടുവെച്ചിരുന്നത്. പാക് വിദേശകാര്യമന്ത്രാലയം ചര്‍ച്ചകള്‍ നടത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് സുഷമാ സ്വരാജിനും കത്തയച്ചിരുന്നു. 

ജമ്മു കശ്മീരില്‍ മൂന്ന് പൊലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകളില്‍ നിന്നും പിന്മാറാന്‍ ഇന്ത്യ തീരുമാനിച്ചത്. കശ്മീരികളായ ഉദ്യോഗസ്ഥര്‍ പൊലീസ് സേനയില്‍ നിന്നും രാജിവച്ചു പുറത്തു വരണമെന്ന് നേരത്തെ തീവ്രവാദ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി രാജിവയ്പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടു പോയി വധിച്ചത്. 

കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശികളായ കശ്മീര്‍ പൊലീസിലെ മൂന്ന് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ അവരുടെ വീടുകളില്‍ നിന്നുമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് ബുള്ളറ്റുകളേറ്റ് വികൃതമായ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നീണ്ടു വളര്‍ന്നു നിന്ന ആനപ്പുല്ലുകള്‍ വൃത്തിയാക്കുന്നതിനിടെ കാണാതായ ബിഎസ്എഫ് സൈനികനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പുല്ലുകള്‍ വെട്ടിയൊതുക്കാന്‍ എത്തിയ ബിഎസ്എഫ് സംഘത്തിന് നേരെ പാകിസ്താന്‍ റേഞ്ചേഴ്‌സ് നടത്തിയ ആക്രമണത്തിനിടെയാണ് സൈനികനെ കാണാതായും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതും.

സൈനികന്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അയച്ച കത്ത് പരിഗണിച്ചാണ് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ഉള്ള ചര്‍ച്ച ന്യൂയോര്‍ക്കില്‍ നടത്താമെന്ന് ഇന്ത്യ സമ്മതിച്ചത്. എന്നാല്‍ ഇതിനിടയില്‍ കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആക്രമണം തുടര്‍ന്നതോടെയാണ് ചര്‍ച്ചയില്‍ നിന്നും പിന്‍മാറാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com