തിരക്കേറിയ റോഡില്‍ യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു, നോക്കിനില്‍ക്കുന്ന പൊലീസുകാര്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

തിരക്കേറിയ റോഡില്‍ യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു, നോക്കിനില്‍ക്കുന്ന പൊലീസുകാര്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

ആളുകള്‍ നോക്കി നില്‍ക്കുന്നതുള്‍പ്പെടെയുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ഹൈദരാബാദ്: പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വെച്ച് യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഹൈദരാബാദിലെ രാജേന്ദ്ര നഗറിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. പൊലീസുള്‍പ്പെടെയുള്ളവര്‍ സംഭവം കണ്ട് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കുന്നതുള്‍പ്പെടെയുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

യുവാവിനെ രണ്ടുപേര്‍ പിന്തുടര്‍ന്ന് അക്രമിക്കുന്നതും വെട്ടേറ്റയാള്‍ റോഡില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെട്ടേറ്റു വീണയാള്‍ രക്തം വാര്‍ന്ന് അനക്കമില്ലാതാവുന്നതോടെ അക്രമികള്‍ ആഹഌദം പ്രകടിപ്പിച്ച് ആയുധം ഉയര്‍ത്തിക്കാട്ടി പിന്‍വാങ്ങുന്നതും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന കൊലപാതകത്തിന്റെ പ്രതികാരമായാണ് അക്രമം അരങ്ങേറിയതെന്ന് പൊലീസ് വ്യക്തമാക്കി. 
 
ജനക്കൂട്ടം നോക്കി നില്‍ക്കെ നടന്ന കൊലപാതകം തടയാന്‍ കുറച്ചുപേര്‍ മാത്രമാണ് ശ്രമിച്ചത്. നോക്കി നിന്നവരില്‍ കൂടുതല്‍ പേരും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിന്റെയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന്റെയും തിരക്കിലായിരുന്നു. കഴിഞ്ഞ ആഴ്ച സമാനമായ സാഹചര്യത്തില്‍ ഹൈദരാബാദില്‍ ഒരാള്‍ തന്റെ മകളെയും മരുമകനെയും വടിവാള്‍ ഉപയോഗിച്ച് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.

കൊലപാതകം നടത്തിയവരെ പോലീസ് പിന്നീട് പിടികൂടി. രമേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ മുകേഷ് ഗൗഡ് എന്നയാളെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ഇയാള്‍. കോടതിയില്‍ നിന്ന് തിരിച്ച് വരുകയായിരുന്ന പ്രതിയെ കൊല്ലപ്പെട്ട മുകേഷിന്റെ പിതാവ് കൃഷ്ണ ഗൗഡും, അമ്മാവന്‍ ലക്ഷമണ്‍ ഗൗഡും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം പൊലീസുകാര്‍ അക്രമം തടയാന്‍ ശ്രമിക്കാതെ നോക്കിനിന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, സംഭവം നടക്കുമ്പോള്‍ പൊലീസുകാര്‍ ആയുധമെടുക്കാന്‍ പോയെന്നാണ് വിശദീകരിക്കുന്നത്. അക്രമത്തിനിടെ മറ്റൊരു പൊലീസ് വാഹനം ജനക്കൂട്ടത്തിനിടയിലൂടെ പോവുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ അക്രമം തടയാന്‍ അവരും തയ്യാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com