9 ലക്ഷം സെല്‍ഫോണ്‍ പ്രമുഖുകള്‍, പോളിങ് ബൂത്ത് കേന്ദ്രീകരിച്ച് 256 അംഗങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍; പുത്തന്‍ പ്രചാരണ തന്ത്രവുമായി ബിജെപി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2018 11:56 AM  |  

Last Updated: 29th September 2018 11:56 AM  |   A+A-   |  

 

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രചാരണത്തിന് പുത്തന്‍ വഴികള്‍ തേടി ബിജെപി. ബൂത്തുകള്‍ കേന്ദ്രീകരിച്ച് വാട്‌സ് ആപ്പ് പ്രചാരണം നടത്താനാണ് ബിജെപി തയ്യാറെടുക്കുന്നത്. ഇതിനായി സെല്‍ഫോണ്‍ പ്രമുഖിനെ ഓരോ ബൂത്തിലേക്കുമായി നിയോഗിക്കും. ഇതിന്റെ സാധ്യതകള്‍ വിലയിരുത്താനായി ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കളുടെ ഉന്നതതല യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അരയും തലയും മുറുക്കിയുളള വ്യാപകമായ പ്രചാരണ തന്ത്രത്തിന് രൂപം നല്‍കാനാണ് ബിജെപി തയ്യാറെടുക്കുന്നത്. രാജ്യത്ത് 9,27,533 പോളിങ് ബൂത്തുകളാണ് ഉളളത്. ഓരോ പോളിങ് ബൂത്തിനും ഒരു സെല്‍ഫോണ്‍ പ്രമുഖ് എന്ന അനുപാതത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്താനാണ് ബിജെപി പദ്ധതിയിടുന്നത്. ഏകദേശം ഒന്‍പതു ലക്ഷം സെല്‍ഫോണ്‍ പ്രമുഖുകളെ നിയോഗിച്ച് വാട്‌സ് ആപ്പ് പ്രചാരണം  കൊഴുപ്പിക്കാനാണ് ബിജെപിയുടെ തന്ത്രം.ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടി വീഡിയോ,  ഓഡിയോ, ടെക്‌സ്റ്റ്, ഗ്രാഫിക്‌സ്, കാര്‍ട്ടൂണ്‍ തുടങ്ങിയവ പ്രചരിപ്പിക്കുകയാണ് സെല്‍ഫോണ്‍ പ്രമുഖിന്റെ ചുമതല. ഇതിനായി  സെല്‍ഫോണ്‍ പ്രമുഖിന് സ്മാര്‍ട്ട് ഫോണുകളും നല്‍കും.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇതിന്റെ സാധ്യതകള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതിന്റെ പ്രയോജനങ്ങള്‍ മോദിക്ക് മുന്‍പില്‍ വിശദീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്കുളള കര്‍മ്മ പദ്ധതിക്ക് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഇതിനോടകം തന്നെ രൂപം നല്‍കിയിട്ടുണ്ട്. ഓരോ പോളിങ് സ്‌റ്റേഷന്റെ പരിധിയില്‍ സ്മാര്‍ട്ട് ഫോണുകളുമായി എത്താന്‍ സാധ്യതയുളള വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കാന്‍ അതാത് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമാരോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടിക തയ്യാറാവുന്ന മുറയ്ക്ക് ഡല്‍ഹിയില്‍ അശോക റോഡിലെ ബിജെപിയുടെ പഴയ ആസ്ഥാനകേന്ദ്രം കേന്ദ്രീകരിച്ചുളള വാര്‍റൂമില്‍ തുടര്‍നടപടികള്‍ക്ക് പാര്‍ട്ടി രൂപം നല്‍കും. 

ആദ്യം സെല്‍ഫോണ്‍ പ്രമുഖുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി  എംപിമാര്‍,എംഎല്‍എമാര്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ നേതാക്കന്മാരോട് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.  തുടര്‍ന്ന് 256 അംഗങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്ക് സെല്‍ഫോണ്‍ പ്രമുഖ് രൂപം നല്‍കും. മൂന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ കുറഞ്ഞത് ഒരെണ്ണത്തിനെങ്കിലും രൂപം നല്‍കണമെന്നും നിര്‍ദേശമുണ്ട്.