തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. മോദിയോട് ധൈര്യമുണ്ടെങ്കിൽ കേരളത്തിലോ തമിഴ്നാട്ടിലോ മത്സരിക്കാനാണ് തരൂർ വെല്ലുവിളിക്കുന്നത്. ന്യൂനപക്ഷ മേഖലയിലേക്കു രാഹുൽ ഒളിച്ചോടിയെന്ന മോദിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ജയിക്കാൻ കഴിയും എന്ന ഉറപ്പുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിക്കുന്നതെന്നും തരൂർ പറഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, അടുത്ത പ്രധാനമന്ത്രി ഈ മേഖലയിൽനിന്നാവും എന്ന തരത്തിൽ ഒരു ആകാംക്ഷ തനിക്കു തൊട്ടറിയാൻ കഴിയുന്നുണ്ടെന്ന് പിടിഐക്കു നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.
രാഹുലിനെതിരായ മോദിയുടെ പരാമർശം മതഭ്രാന്താണെന്നും പ്രധാനമന്ത്രിയിൽ നിന്നും ഇത്തരത്തിലുള്ള പരാമർശം വരുന്നത് തന്നെ നിരാശപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ മതഭ്രാന്തിനു വെളിച്ചംകാട്ടി മോദി പ്രധാനമന്ത്രി പദവിയെ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ വാർധയിൽ നടന്ന ബിജെപി റാലിയിലാണ് രാഹുൽ ഗാന്ധി ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന തരത്തിൽ മോദി പരാമർശം നടത്തിയത്. ഇതിനോടു പ്രതികരിച്ച തരൂർ, ഇന്ത്യയുടെ ഫെഡറലിസം സംരക്ഷിക്കുന്നതിനു വേണ്ടി രാഹുൽ മുൻപെങ്ങും കാണാത്ത വിധത്തിലുള്ള സാഹത്തിനു മുതിരുകയായിരുന്നെന്നും കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ