എന്‍ഡി തിവാരിയുടെ മകന്റെ കൊലപാതകത്തില്‍ ഗൂഢാലോചന ആരോപിച്ച് മാതാവ്; രോഹിത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു, ദുരൂഹത തുടരുന്നു

എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ അസ്വാഭാവിക മരണത്തില്‍ ഗൂഢാലോചന ആരോപിച്ച് മാതാവ്
എന്‍ഡി തിവാരിയുടെ മകന്റെ കൊലപാതകത്തില്‍ ഗൂഢാലോചന ആരോപിച്ച് മാതാവ്; രോഹിത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു, ദുരൂഹത തുടരുന്നു

ന്യൂഡല്‍ഹി: എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ അസ്വാഭാവിക മരണത്തില്‍ ഗൂഢാലോചന ആരോപിച്ച് മാതാവ്. അതേസമയം കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച്  രോഹിത് ശേഖറിന്റെ ഭാര്യയെ ചോദ്യം ചെയ്തുവരികയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്‌ലാറ്റില്‍ മൂക്കില്‍ നിന്ന് ചോരയൊഴുകുന്ന നിലയില്‍ കണ്ടെത്തിയ രോഹിത് ശേഖറിന്റെ മരണത്തില്‍ വഴിത്തിരിവായി കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തിവാരിയുടെ മകന്‍ രോഹിത്തിനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം അസ്വാഭാവികമാണെന്ന് വ്യക്തമാക്കുന്നുണ്ട്. രോഹിത്തിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.

രോഹിത്തിന്റെ മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ല എന്നായിരുന്നു മാതാവിന്റെ ആദ്യ പ്രതികരണം. രോഹിത്തിന്റെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. രോഹിത്തിനെ വിഷാദരോഗം അലട്ടിയിരുന്നതായും മാതാവ് മൊഴി നല്‍കിയിരുന്നു. ഹൃദ്രോഹത്തിന് രോഹിത്ത് മരുന്നുകഴിച്ചുവരുകയായിരുന്നു. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇത് വഷളാക്കിയതാവാം രോഹിത്തിന്റെ മരണകാരണമെന്നുമായിരുന്നു മാതാവിന്റെ തുടക്കത്തിലെ പ്രതികരണം.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ രോഹിത്തിന്റെ മാതാവ് ഉജ്ജ്വല തിവാരി സ്വീകരിച്ചിരിക്കുന്നത്. രോഹിത്തിന്റെ മരണത്തിന്റെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഉജ്ജ്വല തിവാരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കേസന്വേഷണത്തിന്റെ ഭാഗമായി മാതാവിനെയും ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

മരിക്കുന്നതിന് മുമ്പുളള ഒരാഴ്ച സമയം രോഹിത്തിനെ വലിയ ഉത്സാഹത്തോടെയാണ് കാണപ്പെട്ടതെന്നും ഉജ്ജ്വല പറയുന്നു. തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരുന്നു മകനെന്നും ഉജ്ജ്വല പറഞ്ഞു.

ഹൃദയാഘാതം മൂലമാണ് രോഹിത് മരിച്ചത് എന്നായിരുന്നു പുറത്തുവന്ന
ആദ്യ റിപ്പോര്‍ട്ടുകള്‍. മാക്‌സ് സാകേത് ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഡിഫന്‍സ് കോളനിയിലെ രോഹിത്തിന്റെ വീട്ടില്‍ ഏഴ് സിസി ടിവി ക്യാമറകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

ഡല്‍ഹി ഡിഫന്‍സ് കോളനി ഏരിയയിലാണ് രോഹിത് താമസിച്ചിരുന്നത്. തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡി തീവാരിക്കെതിരെ രോഹിത് നീണ്ടക്കാലം നിയമയുദ്ധം നടത്തിയത് ഒരുകാലത്ത് വലിയ വാര്‍ത്തയായിരുന്നു. രോഹിത്തിനെ അംഗീകരിക്കാന്‍ എന്‍ഡി തിവാരി തയ്യാറായിരുന്നില്ല. തുടര്‍ന്ന് 2007ല്‍ താന്‍ എന്‍ഡി തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയില്‍ ഹര്‍ജി നല്‍കി.

തുടര്‍ന്ന് 2014ല്‍ രോഹിത്തിന്റെ വാദം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചു. പിതൃത്വം നിശ്ചയിക്കുന്ന പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രോഹിത്തിന് അനുകൂലമായ കോടതി വിധി. ഇതിന് പിന്നാലെ രോഹിത്തിന്റെ അമ്മയായ ഉജ്ജ്വല തിവാരിയെ എന്‍ഡി തിവാരി വിവാഹം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com