കോല്‍ക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണാതായി. അര്‍ണബ് റോയ് (30) എന്നയാളെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. ഏപ്രിൽ 29-ാം തിയതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാദിയ ജില്ലയിലെ റാണാഘട്ട് പാര്‍ലമെന്റ് സീറ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇയാൾ.
ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അർണബ്. വ്യാഴാഴ്ച ഇലക്ഷന് ഡ്യൂട്ടിയുടെ ഭാഗമായി ബിപ്രദാസ് ചൗദരി പോളിടെക്നിക് കോളെജില്‍ എത്തിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമാണ് ഇയാളെ ഇവിടെനിന്ന് കാണാതായത്. പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടാതെവന്നതിനെത്തുടർന്നാണ് പൊലീസിൽ വിവരമറിയിച്ചത്. അർണബിന്റെ രണ്ട് ഫോണുകളും നിലവിൽ സ്വിച്ച് ഓഫ് ആണ്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം. ഉദ്യോഗസ്ഥനെ കാണാതായ വിവരം അധികൃതര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ