രോഹിത്തിന്റെ കൊലപാതകത്തിന് കാരണമായത് വീഡിയോ കോളും വളകിലുക്കവും

ഉത്തരാഖണ്ഡിലേക്ക് വോട്ട് ചെയ്യാന്‍ പോകുന്നതിനിടയ്ക്ക് കാറില്‍ വെച്ചാണ് രോഹിത് ബന്ധുവിനൊപ്പം മദ്യപിച്ചത്. 
രോഹിത്തിന്റെ കൊലപാതകത്തിന് കാരണമായത് വീഡിയോ കോളും വളകിലുക്കവും

ന്യൂഡല്‍ഹി: രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകത്തിന് കാരണമായത് വീഡിയോ കോളിനിടെ കേട്ട വളകിലുക്കവും ബന്ധുവായ സ്ത്രീക്കൊപ്പമുള്ള മദ്യപാനവുമെന്ന് പൊലീസ്. ഉത്തരാഖണ്ഡിലേക്ക് വോട്ട് ചെയ്യാന്‍ പോകുന്നതിനിടയ്ക്ക് കാറില്‍ വെച്ചാണ് രോഹിത് ബന്ധുവിനൊപ്പം മദ്യപിച്ചത്. 

രോഹിത് തിവാരി, അമ്മ ഉജ്വല, ബന്ധുവായ സ്ത്രീ, അവരുടെ ഭര്‍ത്താവ്, ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം മൂന്നു കാറുകളിലായിട്ടാണ് ഉത്തരാഖണ്ഡിലേക്ക് വോട്ടു ചെയ്യാന്‍ പോയത്. രോഹിതും ബന്ധുവായ സ്ത്രീയും ഒരു കാറില്‍ അടുത്തടുത്താണ് ഇരുന്നത്. ഇരുവരും കാറിലിരുന്ന മദ്യപിക്കുകയും ചെയ്തു.

യാത്രയിലുടനീളം മദ്യപിച്ച ഇരുവരും ഒരു ബോട്ടില്‍ മദ്യം തീര്‍ത്തിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അഡീഷനല്‍ കമ്മിഷണര്‍ രാജ് രഞ്ജന്‍ പറഞ്ഞു. ബന്ധുവായ സ്ത്രീയോട് രോഹിത്തിന് വഴിവിട്ട ബന്ധം ഇല്ലായിരുന്നുവെന്നും സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. താനും രോഹിത്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായി അപൂര്‍വ  കണ്ടിരുന്നത് ഈ സ്ത്രീയെ ആയിരുന്നു. ഇവര്‍ക്കൊപ്പം പോകുന്നത് അപൂര്‍വ വിലക്കുകയും ചെയ്തു.

രാത്രി ഭക്ഷണത്തെക്കുറിച്ച് തിരക്കുന്നതിന് വേണ്ടി അപൂര്‍വ വൈകിട്ട് 5.30ഓടെ രോഹിത്തിനെ വീഡിയോ കോള്‍ ചെയ്തു. വിഡിയോയില്‍ ഒപ്പമുള്ള സ്ത്രീയെ കാണാതിരിക്കാന്‍ രോഹിത് ശ്രമിച്ചെങ്കിലും അപൂര്‍വയ്ക്ക് അവര്‍ ഒപ്പമുള്ളതു മനസിലായി. വളയുടെ കിലുക്കവും സ്ത്രീയുടെ വസ്ത്രത്തിന്റെ ഭാഗവും കണ്ടതുമാണ് അപൂര്‍വയ്ക്ക് കാര്യങ്ങള്‍ മനസിലാകാന്‍ കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രാത്രി പത്തോടെ വീട്ടില്‍ തിരിച്ചെത്തിയ രോഹിത്തിനു ഭക്ഷണം നല്‍കിയ ശേഷം അവര്‍ ഉറങ്ങാനായി പോയി. 12.45 വരെ അപൂര്‍വ ടെലിവിഷന്‍ കാണുകയും പിന്നീട് മുറിയിലെത്തി രോഹിത്തുമായി വഴക്കുണ്ടാക്കുകയുമായിരുന്നു. വഴക്കിനിടെ തങ്ങള്‍ ഒരേ ഗ്ലാസില്‍ നിന്നാണ് മദ്യപിച്ചതെന്നു രോഹിത് പറഞ്ഞോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഇതോടെ പ്രകോപിതയായ അപൂര്‍വ്വ തലയിണയെടുത്ത് രോഹിത്തിന്റെ മുഖത്തമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.

അമിതമായി മദ്യപിച്ചതിനാല്‍ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു രോഹിത്. അതിനാല്‍ കൊലയെക്കുറിച്ച് ആരും പുറത്തറിഞ്ഞിരുന്നില്ല. കൊലയ്ക്കുശേഷം എന്തുചെയ്യണമെന്ന് അറിയാതെ അവിടെ കറങ്ങി നടന്ന അപൂര്‍വ്വ രണ്ടു മണിയോടെ സ്വന്തം മുറിയിലേക്ക് മടങ്ങി. 

അടുത്ത ദിവസം രാവിലെ ജോലിക്കാരനാണ് രോഹിത്തിനെ വിളിക്കാനെത്തിയത്. ചില ദിവസങ്ങളില്‍ ഉണരാന്‍ താമസിക്കാറുള്ളതിനാല്‍ വിളിക്കാതെ അയാള്‍ തിരിച്ചുപോയി. മാതാവ് ഉജ്വല പലതവണ രോഹിത്തിനെ ഫോണില്‍ വിളിച്ചിരുന്നു. അപൂര്‍വ അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞ് ഓരോ തവണയും ഫോണ്‍ വയ്പ്പിച്ചു.

പിന്നീട് വൈകിട്ട് 3.30 ആയതോടെ അപൂര്‍വ ജീവനക്കാരനെ രോഹിത്തിനെ വിളിക്കാന്‍ അയച്ചു. എന്നാല്‍ മൂക്കില്‍ നിന്ന് രക്തം വരുന്ന അവസ്ഥയില്‍ രോഹിത്തിനെ ഇവിടെ കണ്ടെത്തി. ഉടന്‍ രോഹിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com