വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമില്‍ തഹസില്‍ദാര്‍ കയറി ; പരാതിയുമായി സിപിഎം; കളക്ടര്‍ അടക്കം തെറിച്ചു

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമില്‍ തഹസില്‍ദാര്‍ കയറി ; പരാതിയുമായി സിപിഎം; കളക്ടര്‍ അടക്കം തെറിച്ചു

ചെന്നൈ : വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന  സ്‌ട്രോങ്ങ് റൂമില്‍ വനിതാ തഹസില്‍ദാറും മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കയറിയ സംഭവത്തില്‍ നടപടി. സിപിഎം നല്‍കിയ പരാതിയില്‍ ജില്ലാ കളക്ടര്‍ അടക്കം മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന പരാതി ഉയര്‍ത്തി മധുര ലോക്‌സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി സു വെങ്കടേശന്‍ അടക്കമുള്ളവരാണ് രംഗത്തെത്തിയത്. 

മധുര ജില്ലാ കലക്ടര്‍ എസ് നടരാജന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എം ഗുരുചന്ദ്രന്‍, അസി. പൊലീസ് കമ്മീഷണര്‍ മോഹന്‍ദാസ് എന്നിവരാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി സ്ഥലം മാറ്റ നടപടിക്ക് വിധേയരായത്. വോട്ടിംങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമില്‍ അനുവാദമില്ലാതെ ആര്‍ക്കും പ്രവേശനമില്ല. മാത്രമല്ല സ്‌ട്രോങ്ങ് റൂമില്‍ കയറാന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. 

ഇതൊന്നും ചെയ്യാതെ അനധികൃതമായി തഹസില്‍ദാര്‍ അടക്കമുള്ളവര്‍ സ്‌ട്രോങ്ങ് റൂമില്‍ കയറി എന്ന പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാരായ എസ് മണികുമാര്‍, സുബ്രഹ്മണ്യം പ്രസാദ് എന്നിവര്‍ കളക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും നടത്തി.


സ്‌ട്രോങ്ങ് റൂമില്‍ കയറിയ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ആദ്യം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ സു വെങ്കടേശന്‍ പിന്നാലെ മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചു.  തഹസില്‍ദാറും സംഘവും സ്‌ട്രോങ്ങ് റൂമില്‍ മൂന്ന് മണിക്കൂറിലധികം ചിലവഴിച്ചെന്നും ഇത് അന്വേഷിക്കണമെന്നും സിപിഎം പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. മധുര മെഡിക്കല്‍ കോളേജില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്ങ് റൂമിലാണ് ഈ മാസം 20 ന് തഹസില്‍ദാറും സംഘവും കയറിയതായി പരാതി ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com