പീഡനത്തിനിരയായെന്ന് 17കാരി; കേസെടുക്കാതെ പൊലീസ്; വിവാഹ വാഗ്ദാനവുമായി പ്രതിയുടെ ബന്ധുക്കള്‍

ജമ്മു കശ്മിരിലെ കത്വയില്‍ പീഡനത്തിന് ഇരയായെന്ന പെണ്‍കുട്ടിയുടെ പരാതി പൊലീസ് സ്വീകരിച്ചില്ല
പീഡനത്തിനിരയായെന്ന് 17കാരി; കേസെടുക്കാതെ പൊലീസ്; വിവാഹ വാഗ്ദാനവുമായി പ്രതിയുടെ ബന്ധുക്കള്‍

കത്വ: ജമ്മു കശ്മിരിലെ കത്വയില്‍ പീഡനത്തിന് ഇരയായെന്ന പെണ്‍കുട്ടിയുടെ പരാതി പൊലീസ് സ്വീകരിച്ചില്ല. സഹപാഠികളായ രണ്ട് പേര്‍ ചേര്‍ന്ന് റോഡരികിലുള്ള റിസോര്‍ട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.  

സംഭവത്തില്‍ ആരോപണ വിധേയനായ വ്യക്തി സാമൂഹിക മാധ്യമങ്ങള്‍ വഴി കുറ്റകൃത്യത്തിന്റെ വീഡിയോ പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ 20ന് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു.

ജൂലൈ 21ന് ഹിരാനഗര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടി. 376, 109, 67 വകുപ്പുകള്‍ പ്രകാരം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു. ഐടി ആക്ടിലെയും പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് കേസ്. വിശാല്‍, അമന്‍ എന്നീ വിദ്യാര്‍ഥികളാണ് പ്രതികള്‍. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വിശാലാണ് മൊബൈലില്‍ പകര്‍ത്തിയത്. 

കോട്ട മൂര്‍ഹിലെ റൂഹി റിസോര്‍ട്ടില്‍ വച്ച് മെയ് മാസത്തിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.  ഒരു സുഹൃത്തിനൊപ്പം റിസോര്‍ട്ടില്‍ പോയ തന്നെ വിശാല്‍ ബലമായി മുറിയിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് പരാതി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിശാല്‍ തന്നെ മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും വിശാല്‍ പറഞ്ഞിരുന്നു.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട പ്രതികളുടെ മാതാപിതാക്കള്‍ പണം വാഗ്ദാനം ചെയ്‌തെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. കത്വയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പ്രതികളിലൊരാളുടെ കുടുംബം, പ്രതിയെ കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാമെന്നും പറഞ്ഞതായി ഇവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com