കശ്മീരിന് പിന്നാലെ പഞ്ചാബിലും അതീവ ജാ​ഗ്രത; സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കാൻ നിർദേശം 

പഠാൻകോട്ട് ജില്ലയടക്കം സുരക്ഷാ ക്രമീകരണങ്ങൾ സുസജ്ജമാക്കാൻ മുഖ്യമന്ത്രി അമരിന്ദർ സിങ് നിർദേശം നൽകി
കശ്മീരിന് പിന്നാലെ പഞ്ചാബിലും അതീവ ജാ​ഗ്രത; സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കാൻ നിർദേശം 

ചണ്ഡീ​ഗഢ്: ജമ്മു കശ്മീരിനൊപ്പം പഞ്ചാബിലും അതീവ ജാ​ഗ്രതാ നിർദേശം. പഠാൻകോട്ട് ജില്ലയടക്കം സുരക്ഷാ ക്രമീകരണങ്ങൾ സുസജ്ജമാക്കാൻ മുഖ്യമന്ത്രി അമരിന്ദർ സിങ് നിർദേശം നൽകി. അമർനാഥ് തീർഥാടകർക്കെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 

ജമ്മുവിൽ നിന്ന് തിരിച്ചു വരുന്ന തീർഥാടകരുടെ യാത്രയ്ക്ക് എല്ലാ സൗകര്യങ്ങളും ചെയ്യണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പത്താൻകോട്ട് ഡെപ്യൂട്ടി കമ്മീഷണർക്കാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. 

നേരത്തെ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കിയിരുന്നു. എത്രയും വേഗം കശ്മീര്‍ വിടാന്‍ തീര്‍ഥാടകരോട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു. എത്രയും വേഗം താഴ്‌വര വിടാന്‍ യാത്രികര്‍ ശ്രമിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. 

അമര്‍നാഥ് യാത്ര തടസപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ ശ്രമം നടത്തുന്നതായി സേനാ നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ സ്‌നിപ്പര്‍ റൈഫിള്‍ കണ്ടെടുത്തതായി ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിടിച്ചെടുത്ത റൈഫില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. 

കൃത്യമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു നാല് ദിവസമായി വ്യാപകമായ തിരച്ചില്‍ നടത്തി. തിരച്ചിലില്‍ പാക്ക് സൈന്യം ഉപയോഗിക്കുന്ന കുഴിബോംബും ടെലിസ്‌കോപിക് എം24 അമേരിക്കന്‍ സ്‌നിപ്പര്‍ റൈഫിളും കണ്ടെത്തിയെന്നും സൈന്യവും പൊലീസും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

യാത്രികരെ ലക്ഷ്യമിട്ട് കുഴി ബോംബ്, ഐഇഡി ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന വിവരമാണു ലഭിച്ചത്. അമര്‍നാഥ് യാത്രയുടെ പാതയില്‍ നടത്തിയ തിരച്ചിലില്‍ കുഴിബോംബുകള്‍ കണ്ടെത്തിയെന്നും ധില്ലന്‍ പറഞ്ഞിരുന്നു. തിരച്ചിലില്‍ മൈനുകളും മറ്റു ആയുധങ്ങളും കണ്ടെത്തിയത് പാക് സൈന്യത്തിനു നേരിട്ടുള്ള ബന്ധമാണു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com