നിയമസഭയിലിരുന്ന് സെക്‌സ് വീഡിയോ കണ്ടവരും മന്ത്രിമാര്‍ ; കര്‍ണാടക ബിജെപിയില്‍ പുതിയ വിവാദം, പ്രതിഷേധം

നിയമസഭാ സമ്മേളനത്തിനിടെയാണ് ബിജെപി നേതാക്കളും മന്ത്രിമാരുമായ ലക്ഷ്മണ്‍ സാവദിയും സി സി പാട്ടീലും കൃഷ്ണ പലേമറും പോണ്‍ വീഡിയോ കണ്ടത്
നിയമസഭയിലിരുന്ന് സെക്‌സ് വീഡിയോ കണ്ടവരും മന്ത്രിമാര്‍ ; കര്‍ണാടക ബിജെപിയില്‍ പുതിയ വിവാദം, പ്രതിഷേധം

ബംഗളുരു: നിയമസഭാ സമ്മേളനത്തിനിടെ സെക്‌സ് വീഡിയോ ക്ലിപ്പുകള്‍ കണ്ടതിന് പുറത്തായ രണ്ടുനേതാക്കളെ യെദ്യൂരപ്പ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. സംസ്ഥാന നേതൃത്വം നല്‍കിയ മന്ത്രിമാരുടെ സാധ്യതാപട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയതില്‍ ദേശീയനേതൃത്വം അമ്പരപ്പെട്ടു. മന്ത്രിസഭാ വികസനത്തിന്റെ ആദ്യ ലിസ്റ്റില്‍ തന്നെ, മുമ്പ് ആരോപണ വിധേയരായി രാജിവെക്കേണ്ടി വന്നവര്‍ ഇടംപിടിച്ചതില്‍ കേന്ദ്രനേതൃത്വത്തിനും അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്. 

2012 ഫെബ്രുവരിയില്‍ നിയമസഭാ സമ്മേളനത്തിനിടെയാണ് ബിജെപി നേതാക്കളും മന്ത്രിമാരുമായ ലക്ഷ്മണ്‍ സാവദിയും സി സി പാട്ടീലും കൃഷ്ണ പലേമറും പോണ്‍ വീഡിയോ കണ്ടത്. സംഭവം വിവാദമായതോടെ, പഠനാവശ്യത്തിനുള്ള വീഡിയോ ആണ് കണ്ടതെന്നായിരുന്നു സാവദി അവകാശപ്പെട്ടത്. സംസ്ഥാനത്തെ നിശാപാര്‍ട്ടികളിലെ വീഡിയോയാണ് കണ്ടതെന്നും, നിശാ പാര്‍ട്ടിയില്‍ നടക്കുന്നത് എന്തെന്ന് മനസ്സിലാക്കുകയായിരുന്നു എന്നുമായിരുന്നു മന്ത്രിമാര്‍ പറഞ്ഞത്. 

എന്നാല്‍ സംഭവം വിവാദമായതോടെ മൂവര്‍ക്കും അന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടിയും വന്നു. ഇതില്‍ സാവദി, പാട്ടീല്‍ എന്നിവരെയാണ് യെദ്യൂരപ്പ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. പാട്ടീല്‍ നിയമസഭാംഗമാണെങ്കിലും സാവദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. 

അതേസമയം മന്ത്രിസഭാ വികസനത്തില്‍ ബിജെപിക്കകത്ത് പ്രതിഷേധം പുകയുകയാണ്. മന്ത്രിമാരാകാന്‍ കഴിയാതിരുന്ന 12 എംഎല്‍എമാരടക്കം വലിയൊരു വിഭാഗം സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ ഉമേഷ് കട്ടിയുടെയും ബാലചന്ദ്ര ജാര്‍ക്കിഹോളിയുടെയും അനുയായികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. 

ഉമേഷ് കട്ടിയെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് അനുയായികള്‍ ഹുക്കേരി, ബലഗാവി റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ റോഡില്‍ കത്തിച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. പകുതിയിലേറെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും, മന്ത്രിസഭയില്‍ ഇടംനേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഉമേഷ് കട്ടിയും ബാലചന്ദ്ര ജാര്‍ക്കിഹോളിയും വ്യക്തമാക്കി. മന്ത്രിപദമോഹികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് മുഖ്യമന്ത്രി യെദ്യൂരപ്പ നേരിടുന്ന പുതിയ വെല്ലുവിളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com