ബഹ്‌റൈനിലെ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും ; ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ തീരുമാനം

മോദിയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയും ബഹ്‌റൈനും നാല് കരാറുകളിലും ഒപ്പുവച്ചിട്ടുണ്ട്
ബഹ്‌റൈനിലെ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും ; ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ തീരുമാനം

മനാമ : ബഹ്‌റൈനില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വിവരം അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റും ചെയ്തു. നടപടിയില്‍ ബഹ്‌റൈന്‍ രാജാവിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. 

മോദിയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയും ബഹ്‌റൈനും നാല് കരാറുകളിലും ഒപ്പുവച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധം ശക്തമാക്കാനും തീരുമാനിച്ചു. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അബുദാബിക്കു പിന്നാലെ ബഹ്‌റൈനിലും മോദി റുപേ കാര്‍ഡ് അവതരിപ്പിച്ചു. 

മനാമയിലെ 200 വര്‍ഷം പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 42 ലക്ഷം ഡോളറിന്റെ (ഏകദേശം 28 കോടി രൂപ) പദ്ധതിയും മോദി പ്രഖ്യാപിച്ചു. ശ്രീനാഥ്ജി ക്ഷേത്രത്തിനാണ് സഹായം. ഇവിടെ നിന്നുള്ള പ്രസാദം റുപേ കാര്‍ഡ് ഉപയോഗിച്ചാണ് പ്രധാനമന്ത്രി വാങ്ങിയത്. 

പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന ഫലകവും നരേന്ദ്രമോദി അനാവരണം ചെയ്തു. ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയ മോദി, ബഹ്‌റൈനിലെ സന്ദര്‍ശനം അവസാനിപ്പിച്ച് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിലേക്കു തിരിച്ചു. ഔദ്യോഗിക അംഗമല്ലെങ്കിലുംഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ ക്ഷണം സ്വീകരിച്ചാണ്  ജി-7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com