അറസ്റ്റിന് എതിരായ ഹര്‍ജി തള്ളി; കസ്റ്റഡിക്ക് എതിരായ ഹര്‍ജി പരിഗണിച്ചില്ല

ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഹര്‍ജിക്കു പ്രസക്തിയില്ലെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതി
അറസ്റ്റിന് എതിരായ ഹര്‍ജി തള്ളി; കസ്റ്റഡിക്ക് എതിരായ ഹര്‍ജി പരിഗണിച്ചില്ല

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ പി ചിദംബരം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഹര്‍ജിക്കു പ്രസക്തിയില്ലെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതി ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കു പ്രസക്തിയില്ലെന്ന വാദത്തെ ചിദംബരത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സിബിഐ അറസ്റ്റ് നടപ്പാക്കിയത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി സമ്മതിച്ചിരുന്നതാണെന്ന് സിബല്‍ വാദിച്ചു. തന്റെ ഭാഗം കേള്‍ക്കുക എന്ന ഭരണഘടനാപരമായ അവകാശമാണ് ചിദംബരത്തിനു നിഷേധിക്കപ്പെട്ടെന്ന് സിബല്‍ പറഞ്ഞു. 

എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയെ ജാമ്യ ഹര്‍ജിയായി മാറ്റി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി ചിദംബരത്തിന് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രിം കോടതി അറിയിച്ചു.

കേസില്‍ സിബിഐ കസ്റ്റഡി അനുവദിച്ച വിചാരണ കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കില്ലെന്ന് നേരത്തെ ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനുമതിയില്ലാതെ ഹര്‍ജി ലിസ്റ്റ് ചെയ്യാനാവില്ലെന്ന് കോടതി അറിയിച്ചു.

ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ട വിചാരണ കോടതി നടപടിക്കെതിരായ ഹര്‍ജി ഇന്നു പരിഗണിക്കാമെന്ന് വെള്ളിയാഴ്ച സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നു പരിഗണിക്കേണ്ട കേസുകളുടെ പട്ടികയില്‍ രജിസ്ട്രി ഇത് ഉള്‍പ്പെടുത്തിയില്ല. കോടതി ഉത്തരവുണ്ടായിട്ടും കേസ് ലിസ്റ്റ് ചെയ്തിട്ടില്ലന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയപ്പോവാണ്, ജസ്റ്റിസ് ഭാനുമതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസിന്റെ അനുതിയില്ലാതെ രജിസ്ട്രിക്ക് കേസുകള്‍ ലിസ്റ്റ് ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഭാനുമതി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com