കര്‍ണാടകയില്‍ ബീഫിന് വിലക്ക്?: ചര്‍ച്ച നടക്കുന്നതായി മന്ത്രി

കര്‍ണാടകയില്‍ കന്നുകാലി കശാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഗോ സംരക്ഷണ സെല്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.
കര്‍ണാടകയില്‍ ബീഫിന് വിലക്ക്?: ചര്‍ച്ച നടക്കുന്നതായി മന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. ബീഫ് ഇതുവരെ നിരോധിച്ചിട്ടില്ല, എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കര്‍ണാടക ടൂറിസം- സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സിടി രവി പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ' ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഗോ സംരക്ഷണ സെല്ലിന്റെ നിവേദനം ലഭിച്ചിരുന്നു. വിഷയത്തില്‍ ഇതുവരെ തീരുമാനം എടുത്തില്ല. ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്'- മന്ത്രി സിടി രവി പറഞ്ഞു.
 
കര്‍ണാടകയില്‍ കന്നുകാലി കശാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഗോ സംരക്ഷണ സെല്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.

2010ലും കര്‍ണാടകയില്‍ ബീഫ് നിരോധിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ബില്‍ നിരസിക്കുകയായിരുന്നു. 'ഇപ്പോള്‍ ബിജെപി അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ 2010ലെ നിയമനിര്‍മ്മാണം കൂടുതല്‍ ശക്തമാക്കണം,' എന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബിജെപി ഗോ സംരക്ഷണ സെല്‍ അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ് ഗോയങ്ക പറഞ്ഞു.

2010ല്‍ കന്നുകാലി കശാപ്പ്, കന്നുകാലി സംരക്ഷണ ബില്‍ കര്‍ണാടക നിയമസഭയില്‍ ഒരു നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പാസാക്കിയിരുന്നു. എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഇതിനെ ശക്തമായി എതിര്‍ത്തു. ഇത്തരമൊരു ബില്‍ ക്രൂരവും ഭരണഘടനാവിരുദ്ധവുമാമെന്നും മതേതരത്വത്തിനെതിരാണെന്നും പറഞ്ഞ് ബില്ലിന്റെ പകര്‍പ്പ് നിയമസഭയില്‍ അദ്ദേഹം വലിച്ചുകീറുകയും ചെയ്തിരുന്നു.

1964 മുതല്‍ കര്‍ണാടകയില്‍ പശു കശാപ്പ് ഭാഗികമായി നിരോധിച്ചിരുന്നു. 1964ലെ നിയമപ്രകാരം പശുക്കളെയും എരുമകളെയും കശാപ്പ് ചെയ്യുന്നതിന് മാത്രമായിരുന്നു നിരോധനം. എന്നാല്‍ കാളകളെയും പോത്തിനേയും കൂടെ  അറുക്കുന്നത് നിരോധിക്കാനായിരുന്നു 2010ലെ ബില്ലില്‍ ബിജെപിയുടെ ശ്രമം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com