ബലാല്‍സംഗക്കേസ് പ്രതികളെ ജനത്തിന് വിട്ടുകൊടുക്കണം, തല്ലിക്കൊല്ലണം : ജയാബച്ചന്‍ രാജ്യസഭയില്‍

മൃഗഡോക്ടറുടെ കൊലപാതകം  സമൂഹത്തിനും മൂല്യവ്യവസ്ഥയ്ക്കും അപമാനമാണെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു
ബലാല്‍സംഗക്കേസ് പ്രതികളെ ജനത്തിന് വിട്ടുകൊടുക്കണം, തല്ലിക്കൊല്ലണം : ജയാബച്ചന്‍ രാജ്യസഭയില്‍


ന്യൂഡല്‍ഹി: തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ തല്ലിക്കൊല്ലണമെന്ന് നടിയും സമാജ്‌വാദി പാര്‍ട്ടി എംപിയുമായ ജയാ ബച്ചന്‍. ബലാല്‍സംഗക്കേസിലെ കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുക്കണം. അവര്‍  ശിക്ഷ നടപ്പാക്കിക്കൊള്ളുമെന്ന് ജയ ബച്ചന്‍ രാജ്യസഭയില്‍ പറഞ്ഞു.

ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭിക്കുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കണം. നിര്‍ഭയ കേസില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഇത്തരം ആളുകളെ തല്ലിക്കൊല്ലണമെന്നും ജയബെച്ചന്‍ പറഞ്ഞു. പ്രതികളെ വന്ധ്യംകരിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.

തെലങ്കാനയിലെ ഡോക്ടറുടെ കൊലപാതകത്തെ രാജ്യസഭ ഒന്നടങ്കം അപലപിച്ചു. സംഭവം സമൂഹത്തിനും മൂല്യവ്യവസ്ഥയ്ക്കും അപമാനമാണെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു വിശേഷിപ്പിച്ചു. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് അന്വേഷിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുകയും വേണം.

ബലാത്സംഗം ചെയ്യുന്നവരോട് ഒരു ദയയും കാണിക്കേണ്ടതില്ല. പുതിയ ബില്ല് കൊണ്ടുവരുന്നില്ല. എന്നാല്‍ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ഇത് മുളയിലേ നുള്ളി കളയേണ്ടതാണ്. ഇപ്പോ തന്നെ നമ്മള്‍ ഏറെ വൈകി. ഇനി താമസിക്കരുതെന്നും വെങ്കയനായിഡു പറഞ്ഞു.

പല നിയമങ്ങളും നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതെല്ലാം പര്യാപ്തമാണെന്ന് തോന്നുന്നു. രാജ്യം മുഴുവന്‍ ഒത്തുചേര്‍ന്ന് അത്തരം സംഭവങ്ങള്‍ നടക്കാത്ത സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. കര്‍ശനമായ ശിക്ഷകള്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com