റെയില്‍വേ സ്‌റ്റേഷന്‍ അഗ്നിക്കിരയാക്കി; ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി 

മുര്‍ഷിദാബാദ് ജില്ലയില്‍ റെയില്‍വേ സ്റ്റേഷന്‍ കോംപ്ലക്‌സ് പ്രതിഷധക്കാര്‍ അഗ്നിക്കിരയാക്കി
റെയില്‍വേ സ്‌റ്റേഷന്‍ അഗ്നിക്കിരയാക്കി; ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി 

കൊല്‍ക്കത്ത: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പശ്ചിമ ബംഗാളില്‍ അക്രമാസക്തമാകുന്നു. മുര്‍ഷിദാബാദ് ജില്ലയില്‍ റെയില്‍വേ സ്റ്റേഷന്‍ കോംപ്ലക്‌സ് പ്രതിഷധക്കാര്‍ അഗ്നിക്കിരയാക്കി. തടിച്ചുകൂടിയ ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ ബെല്‍ദാങ്ക റെയില്‍വേ സ്റ്റേഷന്‍ കോംപ്ലക്‌സില്‍ റെയില്‍വേ പൊലീസുകാരെ ആക്രമിച്ചു.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. രാജ്യതലസ്ഥാനത്ത് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതിന് പിന്നാലെയാണ് ബംഗാളില്‍ റെയില്‍വേ സ്റ്റേഷന്‍ അഗ്നിക്കിരയാക്കി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

റെയില്‍വേ സ്റ്റേഷനില്‍ ക്ഷണനേരം കൊണ്ട് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ സ്‌റ്റേഷന്‍ കോംപ്ലക്‌സ് അഗ്നിക്കിരയാക്കുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍ കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന രണ്ടുമൂന്ന് കെട്ടിടങ്ങള്‍ക്കും റെയില്‍വേ ഓഫീസിനുമാണ് പ്രതിഷേധക്കാര്‍ തീകൊളുത്തിയതെന്ന് റെയില്‍വേ സുരക്ഷാ സേന പറയുന്നു. ഇത് തടയാന്‍ ശ്രമിച്ച റെയില്‍വേ പൊലീസുകാരെ ക്രൂരമായി മര്‍ദിച്ചതായും സുരക്ഷാ സേന വ്യക്തമാക്കി.

മുര്‍ഷിദാബാദില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടഞ്ഞത് ജനജീവിതം സ്തംഭിപ്പിച്ചു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധക്കാര്‍ അക്രമാസക്തരായി. ഹൗറ ജില്ലയിലെ ഉലുബേരിയ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകള്‍ തടഞ്ഞു.റെയില്‍വേ കോംപ്ലക്‌സിനും ട്രെയിനുകള്‍ക്കും നാശനഷ്ടം വരുത്തുകയും ചെയ്തു. ഇതില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രക്ഷോഭത്തിനിടെ,അസമില്‍ മാത്രം മൂന്ന് പ്രതിഷേധക്കാരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അസമിന് പുറമെ ത്രിപുരയിലും പ്രക്ഷോഭം ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com