'സവര്‍ക്കറല്ല, രാഹുല്‍.. നിങ്ങള്‍ ജിന്നയാണ്'; ആരോപണവുമായി ബിജെപി

മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍
'സവര്‍ക്കറല്ല, രാഹുല്‍.. നിങ്ങള്‍ ജിന്നയാണ്'; ആരോപണവുമായി ബിജെപി


ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നായിരുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇതിന് പിന്നാലെ രാഹുലിനെ ജിന്നയാക്കി ബിജെപി നേതാക്കള്‍ രംഗത്തെത്തി.

ജിവിഎല്‍ നരസിംഹറാവുവാണ് രാഹുലിനെ ജിന്നയാക്കി രംഗത്തെത്തിയത്. സാംപിത് പത്രയും രൂക്ഷവിമര്‍ശനമായി രംഗത്തെത്തി. രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തില്‍ ശിവസേനയുടെ പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ വക്താവ് അമിത് മാളവ്യ പറഞ്ഞു. മാപ്പുപറയാന്‍ സവര്‍ക്കറെ പോലെ ഭീരുവല്ലെന്ന സഖ്യകക്ഷിനേതാവായ രാഹുലിന്റെ പരാമര്‍ശത്തില്‍ ശിവസേനയുടെ അഭിപ്രായം വ്യ്ക്തമാക്കണമെന്ന് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.  

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് ഡല്‍ഹിയില്‍ നടന്ന ഭാരത് ബചാവോ റാലിയിലാണ് രാഹുല്‍ ആവര്‍ത്തിച്ചത്.  സത്യം തുറന്നുപറഞ്ഞതിന് താന്‍ മാപ്പുപറയില്ല. മാപ്പു പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. രാഹുല്‍ ഗാന്ധി എന്നാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്നലെ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ മാപ്പുപറയില്ല എന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. സത്യം പറഞ്ഞതിന് ഞാന്‍ മാപ്പുപറയില്ല. കോണ്‍ഗ്രസില്‍ നിന്നും ആരും മാപ്പുപറയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മാപ്പുപറയേണ്ടതെന്നും രാഹുല്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com