പ്രതിഷേധം വ്യാപിക്കുന്നു; യുപിയിലെ മൗവിൽ സംഘർഷം; 15 വാഹനങ്ങൾ അ​ഗ്നിക്കിരയാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. കിഴക്കൻ ഉത്തർപ്രദേശിലെ മൗവിൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധം സംഘർഷത്തിലേക്കും നീങ്ങി. പ്രതിഷേധക്കാര്‍ 15ഓളം വാഹനങ്ങള്‍ക്ക് തീവച്ചതായി ദൃക്‌സാക്ഷികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പൊലീസ് ലാത്തിചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. എന്നാൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങള്‍ അടക്കമുള്ളവയ്ക്കാണ് തീവച്ചത്. പൊലീസിനു നേരെ കല്ലേറുമുണ്ടായി.

മൗവിലെ ദക്ഷിണ്‍ടോല പ്രദേശത്താണ് അക്രമ സംഭവങ്ങളുണ്ടായത്. മിര്‍സ ഹാദുപുര പൊലീസ് സ്റ്റേഷന്‍ ഭാഗികമായി അഗ്നിക്കിരയായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പൊലീസ് തീ കെടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവാസ്തി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജില്ലയില്‍ നേരത്തെതന്നെ 144 പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

15 വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ മോട്ടോര്‍ സൈക്കിളുകള്‍ അടക്കം ഏതാനും വാഹനങ്ങള്‍ മാത്രമാണ് കത്തിനശിച്ചതെന്ന് പൊലീസ് അവകാശപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിട്ടുവെന്നും കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ഐജി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com