പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം ശക്തം: രാഷ്ട്രപതിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം, ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമായ തമിഴ്‌നാട്ടില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ തീരുമാനം
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം ശക്തം: രാഷ്ട്രപതിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം, ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍

പോണ്ടിച്ചേരി: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമായ തമിഴ്‌നാട്ടില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ തീരുമാനം. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നടക്കുന്ന ബിരുദ ദാന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചു. 

അതേസമയം, പൗരത്വ നിയമഭേദഗതിക്ക് എതിരെ ക്യാമ്പസിനുള്ളില്‍ സമരങ്ങളും മുദ്രാവാക്യം വിളികളും വിലക്കി മദ്രാസ് ഐഐടി ഉത്തരവിറക്കി. പ്രകടനങ്ങള്‍ ഐഐടിയുടെ പാരമ്പര്യമല്ലെന്നാണ് വിലക്കിന് കാരണമായി ഡീന്‍ വാദിക്കുന്നത്. ചര്‍ച്ച മാത്രമേ പാടുള്ളുവെന്നും ഡീന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഐഐടി അധികൃതരുടെ നടപടി മൗലികാവകാശത്തിന് എതിരാണെന്നും പ്രക്ഷോഭങ്ങള്‍ തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ദേശവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചതിന് എതിരെ ഐഐടി വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.

കാമ്പസുകളില്‍ ആരംഭിച്ച സമരങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്തെ തരുവിലേക്ക് വ്യാപിച്ചിരുന്നു. സിറ്റിസണ്‍സ് എഗൈന്‍സ്റ്റ് സിഎഎ എന്ന പേരില്‍ ആരംഭിച്ച ഫേസ്ബുക്ക് പേജ് വഴിയാണ് സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നത്. ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് നാലിന് ഷോളിങ്കനല്ലൂരില്‍ പ്രതിഷേധം നടത്തും. കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, തേനി, റാണിപ്പേട്ട്, വെല്ലൂര്‍ ജില്ലകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങളുണ്ടാകും. പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മഹാറാലി നാളെ ചെന്നൈയില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com