സഹോദരിയാണ്, മനസ്സ് വേദനിക്കുമ്പോള്‍ എങ്ങനെ മാറിനില്‍ക്കും?; കലാപങ്ങള്‍ക്കിടയില്‍ മുസ്ലിം യുവതിയുടെ വിവാഹത്തിന് മനുഷ്യച്ചങ്ങല തീര്‍ത്ത് ഹിന്ദു യുവാക്കള്‍

കലാപ വിവരങ്ങള്‍ക്കിടയില്‍ മത സൗഹാര്‍ദത്തിന്റെ ആശ്വാസം പകരുന്ന വാര്‍ത്തയും ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്നുണ്ട്. 
സഹോദരിയാണ്, മനസ്സ് വേദനിക്കുമ്പോള്‍ എങ്ങനെ മാറിനില്‍ക്കും?; കലാപങ്ങള്‍ക്കിടയില്‍ മുസ്ലിം യുവതിയുടെ വിവാഹത്തിന് മനുഷ്യച്ചങ്ങല തീര്‍ത്ത് ഹിന്ദു യുവാക്കള്‍

പൗരത്വ നിയമഭേദഗതിക്ക് എതിരായി നടക്കുന്ന സമരം ഏറ്റവും കൂടുതല്‍ അക്രമാസക്തമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇതിനോടകം ഇരുപതുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. കലാപ വിവരങ്ങള്‍ക്കിടയില്‍ മത സൗഹാര്‍ദത്തിന്റെ ആശ്വാസം പകരുന്ന വാര്‍ത്തയും ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്നുണ്ട്. 

മുസ്ലിം  വിവാഹത്തിന് മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണം ഒരുക്കിയ ഹിന്ദു യുവക്കളുടെ വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് പുറത്തുവരുന്നത്. 

ദിവസങ്ങളായി കാണ്‍പൂരില്‍ സംഘര്‍ഷാവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ഹിന്ദു യുവാക്കള്‍ ചേര്‍ന്ന് മുസ്ലിം സുഹൃത്തിന്റെ വിവാഹ ഘോഷയാത്രക്ക് മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണം ഒരുക്കിയത്. 

സംഘര്‍ഷാവസ്ഥ കാരണം വിവാഹം മാറ്റിവക്കാനായിരുന്നു വരന്റെ വീട്ടുകാരുടെ ആലോചന. എന്നാല്‍ വധുവിന്റെ അയല്‍ക്കാരനായ വിമല്‍ വരനെ വിവാഹ സ്ഥലത്ത് എത്തിക്കാമെന്ന് ഉറപ്പുനല്‍കി രംഗത്ത് വരികയായിരുന്നു. 

വിമലും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന അവരുടെ കൂട്ടുകാരെയെല്ലാം വിളിച്ചുവരുത്തി. ബാകര്‍ഗഞ്ച് ക്രോസിങ്ങില്‍ നിന്നും ഒരു കിലോമീറ്ററോളം ദുരമുള്ള വിവാഹ വേദിയിലേക്ക് വരനും വധുവിനും സംരക്ഷണം തീര്‍ത്ത് ഇവര്‍ നടന്നു. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ വധുവരന്‍മാരെ വീടെത്തിക്കുന്നതുവരെ ഇവര്‍ കൂടെത്തന്നെയുണ്ടായിരുന്നു.

'വധുവായ സീനത്തിനെ ഞാന്‍ കുട്ടിക്കാലം മുതല്‍ കാണുന്നതാണ്, എനിക്കവള്‍ സഹോദരിയെപ്പോലെയാണ്. അവളുടെ മനസ്സ് വേദനിക്കുമ്പോള്‍ ഞാനെങ്ങനെ വിട്ടിട്ടു പോകും?'- വിമല്‍ ചോദിക്കുന്നു. അപകട സമയത്ത് കൂടെനില്‍ക്കുക എന്നതാണ് തന്റെ മുന്നിലുള്ള ശരിയെന്നും സ്വകാര്യ സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന വിമല്‍ കൂട്ടിച്ചേര്‍ക്കുന്നു. വിമല്‍ ശരിക്കും തന്റെ സഹോദരന്‍ തന്നെയാണെന്നും അദ്ദേഹം ചെയ്തത് ഒരിക്കലും മറക്കില്ലെന്നുമായിരുന്നു സീനത്തിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com