പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് ജന്മദിനാഘോഷം; നാലു വിദ്യാര്‍ഥിനികളെ കോളജില്‍ നിന്നും പുറത്താക്കി

കോളജ് യൂണിഫോമിലായിരുന്നു പെണ്‍കുട്ടികളുടെ മദ്യപാനം
പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് ജന്മദിനാഘോഷം; നാലു വിദ്യാര്‍ഥിനികളെ കോളജില്‍ നിന്നും പുറത്താക്കി

ചെന്നൈ: ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചതിന് നാല് പെണ്‍കുട്ടികളെ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ കോളജ് വിദ്യാര്‍ഥികളെയാണ് അധികൃതര്‍ പുറത്താക്കിയത്. ആഴ്ചകള്‍ക്ക് മുന്‍പാണ് സംഭവം. ആഘോഷത്തിനിടെ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോളജ് അധികൃതരുടെ നടപടി. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു ജന്മദിനാഘോഷം.

പ്രചരിക്കുന്ന വീഡിയോയില്‍ മൂന്ന് പെണ്‍കുട്ടികള്‍ കോളജ് യൂണിഫോം ധരിച്ചാണ് മദ്യപിക്കുന്നത്. ഇവര്‍ക്കൊപ്പം ഒരു പുരുഷ സുഹൃത്തും മദ്യപിക്കുന്നതായി കാണാം. അതിനിടെ കൂട്ടത്തിലുള്ള മറ്റൊരാള്‍ ഇവര്‍ മദ്യപിക്കുന്നതിന്റെ വീഡിയോ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ആയിരുന്നു. പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പെണ്‍കുട്ടികള്‍ക്കെതിരെ വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഇവര്‍ക്കൊപ്പമുള്ള പുരുഷ സുഹൃത്ത് കോളേജ് വിദ്യാര്‍ത്ഥിയല്ലെന്നും വീഡിയോ പകര്‍ത്തിയത് പെണ്‍കുട്ടിയുടെ ബന്ധുവാണെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഈ പെണ്‍കുട്ടികള്‍ക്കെതിരെ നടപടി വേണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് കോളജ് നടപടി. കോളജിന് അപകീര്‍ത്തികരമായ വിധത്തില്‍ പെരുമാറിയതിനാണ് നടപടിയെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.

വിദ്യാര്‍ഥികള്‍ അവരുടെ മുല്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം അവരുടെ ഭാവിയും മുന്നില്‍ കണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്ത്. അവര്‍ ക്യാംപസിനകത്തുവെച്ചല്ല മദ്യപിച്ചതെങ്കിലും  അവര്‍ ഈ കോളജിലെ വിദ്യാര്‍ഥികളാണെന്ന് ആര്‍ക്കും മനസിലാക്കാന്‍ കഴിയുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com