'വായ്പയെടുക്കാത്ത കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നു' ; കോണ്‍ഗ്രസിനെതിരെ മോദി

വായ്പ എടുക്കാത്ത കര്‍ഷകരുടെ വായ്പയാണ് കോണ്‍ഗ്രസ് എഴുതിത്തളളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
'വായ്പയെടുക്കാത്ത കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നു' ; കോണ്‍ഗ്രസിനെതിരെ മോദി

കൊല്‍ക്കത്ത: വായ്പ എടുക്കാത്ത കര്‍ഷകരുടെ വായ്പയാണ് കോണ്‍ഗ്രസ് എഴുതിത്തളളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വായ്പ എടുത്ത യഥാര്‍ത്ഥ കര്‍ഷകരുടെ ബാധ്യത വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എഴുത്തളളുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. ബംഗാളില്‍ താക്കൂര്‍നഗറില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. 

കര്‍ഷകരുടെ വായ്പ എഴുതിത്തളളുമെന്ന വാഗ്ദാനം നല്‍കിയാണ് കോണ്‍ഗ്രസ് വോട്ടുതേടിയത്. എന്നാല്‍ വായ്പ എടുത്ത കര്‍ഷകരുടെ വായ്പ കോണ്‍ഗ്രസ് എഴുതിത്തളളിയില്ല. പകരം വായ്പ എടുക്കാത്ത കര്‍ഷകരുടെ വായ്പയാണ് കോണ്‍ഗ്രസ് എഴുതിത്തളളിയതെന്ന് മോദി ആരോപിച്ചു.

മധ്യപ്രദേശില്‍ വായ്പ എഴുതിത്തളളുന്നു എന്ന പേരില്‍ ഒരു കര്‍ഷകന്റെ 13 രൂപ മാത്രമാണ് ഒഴിവാക്കി നല്‍കിയത്. വായ്പ എഴുതിത്തളളുന്നത് വലിയ ബാധ്യതയാകുമെന്ന് അറിയില്ലെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്. കര്‍ണാടകയില്‍ വായ്പ എഴുതിത്തളളണമെന്ന് ആവശ്യപ്പെടുന്ന കര്‍ഷകരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഇവരെയെല്ലാം പിന്തുണയ്ക്കുന്ന നിലപാടാണ് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വഭേദഗതി ബില്ലിന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കണമെന്ന് മോദി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ പരിഗണനയിലാണ് നിലവില്‍ പൗരത്വഭേദഗതി ബില്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിവേചനപരമായ നിലപാടാണ് ഇതിന് കാരണമെന്ന് മോദി ആരോപിച്ചു. മതപരമായ വേട്ടയാടല്‍ മൂലം സ്വന്തം നാടുവിട്ടുപോയവരാണ് ഇന്ത്യന്‍ പൗരത്വത്തിന് ആഗ്രഹിക്കുന്നത്. അവര്‍ക്ക് പൗരത്വം കൊടുക്കേണ്ടെ എന്ന് മോദി ചോദിച്ചു. 

കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് ഒരു തുടക്കം മാത്രമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും , മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് മോദി വാഗ്ദാനം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com