ബം​ഗാളിൽ നാടകീയ രം​ഗങ്ങൾ; സിബിഐയെ അകത്താക്കി മമതയുടെ പൊലീസ്; അർധ സൈനിക സഹായം തേടാൻ സിബിഐ

കമ്മീഷണറുടെ വസതി പരിശോധിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ പൊലീസ് അറസ്റ്റ് ചെയ്തു
ബം​ഗാളിൽ നാടകീയ രം​ഗങ്ങൾ; സിബിഐയെ അകത്താക്കി മമതയുടെ പൊലീസ്; അർധ സൈനിക സഹായം തേടാൻ സിബിഐ

കൊല്‍ക്കത്ത: കമ്മീഷണറുടെ വസതി പരിശോധിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വസതിയില്‍ പരിശോധനയ്‌ക്കെത്തിയ സിബിഐ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിഷയത്തിൽ അർധ സൈന്യത്തിന്റെ സഹായം തേടാനുള്ള ആലോചനയിലാണ് സിബിഐ.

ശാരദ ചിട്ടി തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനക്കായിട്ടായിരുന്നു സിബിഐ എത്തിയത്. വീടിന് മുന്നില്‍ വച്ച് പൊലീസും സിബിഐ ഉദ്യോഗസ്ഥരും തമ്മില്‍ കൈയാങ്കളിയും അരങ്ങേറി. 

40 സിബിഐ ഉദ്യോഗസ്ഥരെ പോലീസ് കമ്മീഷണറുടെ വസതിയിലേക്ക് അയച്ച ബിജെപി അട്ടിമറി നീക്കമാണ് നടത്തുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു. നാടകീയ നീക്കങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംസ്ഥാന ഡിജിപിയും പോലീസ് കമ്മീഷണറുടെ വസതിയില്‍ എത്തിയിട്ടുണ്ട്.

പിന്നാലെ സിബിഐ ഓഫീസ് വളഞ്ഞ് പൊലീസും നാടകീയത സൃഷ്ടിക്കുകയായിരുന്നു. സിബിഐ ജോയിന്റെ കമ്മീഷണറുടെ ഓഫീസാണ് പൊലീസ് വളഞ്ഞത്. 

ശാരദ ചിട്ടി തട്ടിപ്പ് റോസ് വാലി തട്ടിപ്പു കേസുകളില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായിട്ടായിരുന്നു സിബിഐ എത്തിയത്. ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തെ നയിക്കുന്നതും രാജീവ് കുമാറായിരുന്നു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും ഫയലുകളും കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സിബിഐ പലതവണ സമന്‍സ് അയച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്തയിലെത്തിയത്. 

ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വസതിക്ക് മുന്നില്‍ എത്തിയ സിബിഐ സംഘത്തെ വീട്ടിലേക്ക് കടത്തിവിടാന്‍ അവിടെ നിലയുറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സിബിഐ സംഘത്തെ പാര്‍ക്ക് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കും പിന്നീട് ഷേക്സ്പിയര്‍ സരണി പോലീസ് സ്റ്റേഷനിലേക്കും ബലം പ്രയോഗിച്ച് കൊണ്ടുപോയി.

കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ രാജ്യത്തെതന്നെ മികച്ച പോലീസ് ഉദ്യോഗസ്ഥനാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ചിട്ടി തട്ടിപ്പു കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാത്ത രാജീവ് കുമാറിനെ അറസ്റ്റു ചെയ്‌തേക്കുമെന്ന വാര്‍ത്തകള്‍ ബിജെപി നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നും അവര്‍ ആരോപിച്ചിരുന്നു ഇതിനെല്ലാം പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് പശ്ചിമ ബംഗാളില്‍ റാലി നടത്താന്‍ മമത അനുമതി നിഷേധിച്ചിരുന്നു. ഒപ്പം യോഗിയുടെ ഹെലിക്‌പോറ്റര്‍ ഇറക്കുന്നതിനും മമത അനുമതി നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ നടപടിയെ പിന്തുണച്ച് രാജീവ് കുമാര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് എന്നതും ശ്രദ്ധേയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com