ദിവസ വേതനം മിനിമം 375 രൂപയായി വര്‍ധിപ്പിക്കണം; സത്പദി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് 

ഓരോ കുടുംബത്തിനും ആവശ്യമാകുന്ന പോഷകാഹാരത്തിനുള്ള തുക കൂടി കണക്കിലെടുത്താണ് മിനിമം വേതനം നിശ്ചയിച്ചതെന്ന് സത്പദി കമ്മീഷന്‍ വെളിപ്പെടുത്തി
ദിവസ വേതനം മിനിമം 375 രൂപയായി വര്‍ധിപ്പിക്കണം; സത്പദി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് 

ന്യൂഡല്‍ഹി: രാജ്യത്തെ ദിവസ വേതനം മിനിമം 375 രൂപയെന്ന നിരക്കിലേക്ക് വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് സത്പദി കമ്മീഷന്റെ ശുപാര്‍ശ. മിനിമം വേതനം വര്‍ധിപ്പിക്കുന്നതോടെ പ്രതിമാസം 9,750 രൂപയെങ്കിലും കുടുംബങ്ങളിലേക്ക് എത്തുമെന്നും  ഡോക്ടര്‍ അനീഷ് സത്പതിഅധ്യക്ഷനായ
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

രാജ്യത്തെ തൊഴില്‍ മേഖലയെ പഠിച്ച് മിനിമം വേതനം നിര്‍ദ്ദേശിക്കുന്നതിനായി 2017 ജനുവരിയിലാണ് മന്ത്രാലയം സമിതിയെ നിയമിച്ചത്. ഇതനുസരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പ്രതിദിനം 375 രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ മാന്യമായി ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കില്ലെന്ന് കമ്മിറ്റി വിശദമാക്കിയത്. 3.6 ശതമാനം ഉപഭോഗയൂണിറ്റുള്ള കുടുംബത്തിന് വേണ്ടി വരുന്ന തുകയാണിത്. ഗ്രാമ- നഗര, തൊഴില്‍ , നൈപുണ്യ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെയാണ് ഈ തുക നിശ്ചയിച്ചത്. നഗരങ്ങളിലുള്ളവര്‍ക്ക് ദിവസ വേതനത്തിന് പുറമേ  ശരാശരി 55 രൂപയെന്ന കണക്കില്‍ വീട്ടുവാടകയ്ക്കുള്ള അലവന്‍സ് നല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ദേശീയ മിനിമം വേതനം തീരുമാനിച്ചതിന് പുറമേ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്നതിന് വേണ്ടി വരുന്ന അടിസ്ഥാന വേതനവും കമ്മീഷന്‍ കണക്കാക്കിയിട്ടുണ്ട്. അസം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഓഡിഷ, യുപി, പശ്ചിമ ബംഗാള്‍ എന്നിവയാണ് ഒന്നാം പ്രദേശത്തിലുള്ളത്. ആന്ധ്രാ, തെലങ്കാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ജമ്മു ആന്റ് കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവ രണ്ടാമതും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ അഞ്ചാം സ്ഥാനത്തുമാണ്. ഗോവ, ഹരിയാന, ഹിമാചല്‍, പഞ്ചാബ,് ഡല്‍ഹി എന്നീ പ്രദേശങ്ങള്‍ നാലാം പട്ടികയിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കേരളം കാറ്റഗറി മൂന്നിലാണ് ഉള്‍പ്പെടുന്നത്. 

ഓരോ കുടുംബത്തിനും ആവശ്യമാകുന്ന പോഷകാഹാരത്തിനുള്ള തുക കൂടി കണക്കിലെടുത്താണ് മിനിമം വേതനം നിശ്ചയിച്ചതെന്ന് സത്പദി കമ്മീഷന്‍ വെളിപ്പെടുത്തി. സമിതിയുടെ കണ്ടെത്തല്‍ അനുസരിച്ച് ഒരു കുടുംബത്തിന് ഒരുദിവസം വേണ്ട പോഷകാഹാരം 2400 കലോറിയുടേതാണ്. ഇത് അനുസരിച്ച് ഓരോ പ്രദേശത്തെയും ജനങ്ങള്‍ക്കുള്ള മിനിമം വേതനത്തിലും മാറ്റം വരുത്തി. ഒന്നാം പ്രദേശത്തുള്ളവര്‍ക്ക് 341.05, രണ്ടും മൂന്നും പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് 380.2,414.4 ഉം നാല് , അഞ്ച് ഭൂവിഭാഗങ്ങളിലെ ജനങ്ങള്‍ക്ക് 446.6,385.2 എന്നിങ്ങനെയാണ് മിനിമം വേതനം നിശ്ചയിച്ചത്. 

തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ ഒരു ഗവേഷക യൂണിറ്റിന് സ്ഥാപിക്കണമെന്നും സംസ്ഥാന- ദേശീയ ലേബര്‍ യൂണിറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അധികാരത്തിന് പുറമേ ഇതിനെ ഉപദേശക സമിതിയാക്കി മാറ്റണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com