'നമോ എഗൈന്‍'; പുതിയ പ്രചാരണ തന്ത്രവുമായി ബിജെപി നേതാക്കളുടെ 'ഹൂഡി ചലഞ്ച്'

2014ൽ 'നമോ' തരം​ഗമായിരുന്നെങ്കിൽ ഇപ്പോൾ 'നമോ എഗൈന്‍' എന്നതാണ് അവരുടെ വാക്യം
'നമോ എഗൈന്‍'; പുതിയ പ്രചാരണ തന്ത്രവുമായി ബിജെപി നേതാക്കളുടെ 'ഹൂഡി ചലഞ്ച്'

ന്യൂഡ‍ൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഭരണം നിലനിർത്താനുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ് ബിജെപി. ഇതിന്റെ തുടർച്ചയായി ഏറ്റവും പുതിയ പ്രചാരണ തന്ത്രവുമായാണ് ബിജെപി നേതാക്കൾ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. 2014ൽ 'നമോ' തരം​ഗമായിരുന്നെങ്കിൽ ഇപ്പോൾ 'നമോ എഗൈന്‍' എന്നതാണ് അവരുടെ വാക്യം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദിയെ ബിജെപി അണികൾ 'നമോ' എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്. ഇപ്പോൾ മോദിയെ  വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടിയാണ് നമോ വിശേഷണവുമായി അണികളുടെ രം​ഗ പ്രവേശം.  

'നമോ എഗൈന്‍' എന്ന പേരിൽ ഒരു 'ഹൂഡി ചലഞ്ചു'മായിട്ടാണ് ബിജെപി മന്ത്രിമാരും എംപിമാരും പ്രചാരണം കൊഴുപ്പിക്കുന്നത്. പാർലമെന്റിൽ കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ എംപി നമോ എഗൈന്‍ എന്ന് രേഖപ്പെടുത്തിയ ഹൂഡി ടീഷര്‍ട്ട് ധരിച്ച് എത്തിയതോടെയാണ് ചലഞ്ചിന് തുടക്കം കുറിച്ചത്. നമോ എ​ഗൈൻ എന്ന് പ്രിന്റ് ചെയ്ത ജാക്കറ്റുകളും ടീ ഷർട്ടുകളും ചായക്കപ്പുകളുമൊക്കെ ഇതിന്റെ ഭാ​ഗമായി ഇറങ്ങുന്നുണ്ട്. 

ഹൂഡി ടീഷര്‍ട്ട് ധരിച്ച് നിൽക്കുന്ന ചിത്രം അനുരാഗ് ഠാക്കൂർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്ത് ബിജെപി അനുകൂലികളും രം​ഗത്തെത്തി. ലുക്കിങ് ഗുഡ് എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഠാക്കൂറിന്റെ ചിത്രം റീ ട്വീറ്റ് ചെയ്തു. 

ചലഞ്ച് ഏറ്റെടുത്ത് കേന്ദ്ര സാമൂഹിക നീതി മന്ത്രി തവര്‍ചന്ദ് ഗഹ്‌ലോടും ജാക്കറ്റ് ധരിച്ചുള്ള തന്റെ ചിത്രം ട്വിറ്ററിൽ പങ്കിട്ടു.'ഞാൻ ഇത് ധരിച്ചു, നിങ്ങൾ ഇത് ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. ധരിക്കുകയാണെങ്കിൽ നമോ എഗൈന്‍ എന്ന പ്രതിജ്ഞയോടെ തന്നെ ധരിക്കണം'- എന്നും അദ്ദേഹം കുറിപ്പിട്ടു. '2019ലും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി നമുക്ക് പ്രതിജ്ഞയെടുക്കാം, ജയ് ഹിന്ദ്' എന്ന അടിക്കുറിപ്പോടെയാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍റെ ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com