കോണ്‍ഗ്രസ് സര്‍ക്കാര്‍ വഞ്ചിച്ചു; രാജസ്ഥാനില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്: നേതൃത്വം നല്‍കുന്നത് സിപിഎം

അധികാരത്തിലെത്തി ഉടനെ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളിയിട്ടും രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെ കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നു
കോണ്‍ഗ്രസ് സര്‍ക്കാര്‍ വഞ്ചിച്ചു; രാജസ്ഥാനില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്: നേതൃത്വം നല്‍കുന്നത് സിപിഎം

ജയ്പൂര്‍: അധികാരത്തിലെത്തി ഉടനെ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളിയിട്ടും രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെ കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നു. കര്‍ഷക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളിയില്ലെന്നും ഉത്പ്പന്നങ്ങള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുന്നതില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ചാണ് സികര്‍ ജില്ലയിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. 

രാജ്യമെമ്പാടും നടക്കുന്ന കര്‍ഷ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ കര്‍ഷക സംഘടന ആള്‍ ഇന്ത്യ കിസാന്‍ സഭ തന്നെയാണ് പുതിയ സമരത്തിനും ചുക്കാന്‍ പിടിക്കുന്നത്. 

അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയിരുന്നു. ഇതോടെ 18,000കോടിയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടായത്. അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളില്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. രാജസ്ഥാനിലെ ശക്തമായ കര്‍ഷക പ്രക്ഷോഭം മുതലെടുത്താണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 

ബിജെപി സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കര്‍ഷക സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് സികറില്‍ നിന്നായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. 

ദേശസാലകൃത ബാങ്കുകളില്‍ നിന്നെടുത്ത ലോണികളാണ് എഴുതിത്തള്ളിയതെന്നും മറ്റ് ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളും എഴുതിത്തള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ചെറിയശതമാനം കര്‍ഷകരുടെ ലോണുകള്‍ മാത്രമാണ് എഴുതിത്തള്ളിയതെന്ന് കിസാന്‍സഭ ജില്ലാ സെക്രട്ടറി സാഗര്‍ ഖചാരിയ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com