ജെല്ലിക്കെട്ടിലെ മികച്ച കാളയ്ക്കും പോരാളിക്കും മുഖ്യമന്ത്രി വക കാര്‍; സമ്മാനം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി

1400 കാളകളും 772 പേരുമാണ് ജെല്ലിക്കെട്ടില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ജെല്ലിക്കെട്ടിലെ മികച്ച കാളയ്ക്കും പോരാളിക്കും മുഖ്യമന്ത്രി വക കാര്‍; സമ്മാനം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി

ചെന്നൈ; തമിഴ്‌നാട്ടില്‍ ഇന് ജെല്ലിക്കെട്ടിന്റെ നാളുകളാണ്. ഏറ്റവും പ്രസിദ്ധമായ അലന്‍ഗനല്ലൂര്‍ ജെല്ലിക്കെട്ടിന് ആവേശോജ്വലമായ തുടക്കമായി. റവന്യു മന്ത്രി ആര്‍ബി ഉദയകുമാറാണ് സീസണിലെ മൂന്നാമത്തെ ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തത്. ജെല്ലിക്കെട്ടില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ആവേശം ഉയര്‍ത്തുന്ന ഒരു വാഗദാനവും അദ്ദേഹം നല്‍കാന്‍ മറന്നില്ല. ഏറ്റവും മികച്ച ജെല്ലിക്കെട്ട് പോരാളിക്കും, കാളയ്ക്കും കാറുകള്‍ സമ്മാനമായി നല്‍കുമെന്നാണ് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 

ഇത് കൂടാതെ സ്വര്‍ണനാണയം, ഇരു ചക്രവാഹനങ്ങള്‍, സൈക്കിളുകള്‍, സോഫ സെറ്റ്, സ്റ്റീല്‍ അലമാര തുടങ്ങിയ നിരവധി സമ്മാനങ്ങളും വിജയിക്ക് ലഭിക്കും. ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രതിഞ്ജ ജില്ലാ കളക്റ്ററാണ് ചൊല്ലിക്കൊടുത്തത്. മൂന്ന് അമ്പലക്കാളകളാണ് പരിപാടിക്ക് തുടക്കമിട്ടത്. 1400 കാളകളും 772 പേരുമാണ് ജെല്ലിക്കെട്ടില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അപകട സാധ്യത മുന്നില്‍ കണ്ട് 1800 പൊലീസിനേയും 48 ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേനാംഗങ്ങളേയും സുരക്ഷയ്ക്ക് വിന്യസിച്ചിട്ടുണ്ട്. കൂടാതെ കാളകള്‍ക്ക് ശുശ്രൂഷ നല്‍കാന്‍ പത്ത് പേരടങ്ങുന്ന ടീമിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മൃഗഡോക്റ്റര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ കൂട്ടത്തിലുണ്ടാകും. ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്നവര്‍ക്ക് പരുക്കു പറ്റിയാല്‍ ചികിത്സിക്കാനായി ആറ് പേര്‍ അടങ്ങുന്ന സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി മധുരയില്‍ കഴിഞ്ഞ ദിവസം നടന്ന ജെല്ലിക്കെട്ടില്‍ നൂറില്‍ അധികം പേര്‍ക്കാണ് പരുക്കേറ്റത്. 20 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മൃഗസംരക്ഷകരുടെ പരാതിയെത്തുടര്‍ന്ന് 2016 ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചെങ്കിലും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ വിധിയെ മറികടക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com