'ഗോ ബാക്ക് മോദി'; പ്രധാനമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം

ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം
'ഗോ ബാക്ക് മോദി'; പ്രധാനമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം


ചെന്നൈ: കേരള-തമിഴ്‌നാട് സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപക പ്രതിഷേധം. ഇന്ന് മധുരൈ എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിക്കും. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. 

തമിഴ്‌നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് മോദിക്കെതിരെയുള്ള പ്രതിഷേധം പ്രചരിക്കുന്നത്. സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ഗജ ചുഴലിക്കാറ്റില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടമാക്കിയിരുന്നു.  കൂടാതെ തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പോലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. കാവേരി ജല തര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകക്ക് അനുകൂലമായ നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ചെന്നൈയിലെത്തിയിരുന്ന സന്ദര്‍ഭത്തിലും സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് സമീപത്തായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തിക്കൊണ്ടാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് മദ്രാസ് ഐഐടിയിലേക്കുള്ള യാത്ര റോഡ് മാര്‍ഗം ഉപേക്ഷിച്ച് ഹെലികോപ്ടറിലാണ് നടത്തിയത്.

പ്രധാനമന്ത്രി പോകുന്ന വഴികളിലെല്ലാം പ്രതിഷേധം നടത്തുമെന്ന് വൈക്കോയുടെ എംഎഡിഎംകെ അറിയിച്ചിട്ടുണ്ട്. രാവിലെ 11.30 ഓടെയാണ് എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങ്. അത് കഴിഞ്ഞ് മധുരൈ മണ്ടേല നഗറില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചയോടെ കേരളത്തിലേക്ക് തിരിക്കും. രണ്ടു മണിയോടെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന മോദി ബി.പി.സി.എല്ലിന്റെ റിഫൈനറി കോംപ്ലക്‌സിന്റെ സമര്‍പ്പണത്തിനെത്തും. വൈകീട്ട് 4.15 ഓടെ തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളന വേദിയിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com