'പറഞ്ഞതൊന്നും വെളിപ്പെടുത്തിയിട്ടില്ല'; പരീക്കറിന് മറുപടിയുമായി രാഹുല്‍, റഫാല്‍ പോരാട്ടം കത്തിലൂടെ

അഞ്ച് മിനിറ്റ് പോലും നീളാത്ത സ്വകാര്യ കൂടിക്കാഴ്ചയെ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉപയോഗിച്ചുവെന്ന ഗോവ മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുയമായി രാഹുല്‍ ഗാന്ധി രംഗത്ത്.
'പറഞ്ഞതൊന്നും വെളിപ്പെടുത്തിയിട്ടില്ല'; പരീക്കറിന് മറുപടിയുമായി രാഹുല്‍, റഫാല്‍ പോരാട്ടം കത്തിലൂടെ

ന്യൂഡല്‍ഹി: അഞ്ച് മിനിറ്റ് പോലും നീളാത്ത സ്വകാര്യ കൂടിക്കാഴ്ചയെ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉപയോഗിച്ചുവെന്ന ഗോവ മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുയമായി രാഹുല്‍ ഗാന്ധി രംഗത്ത്. 'സന്ദര്‍ശന വേളയില്‍ പറഞ്ഞതൊന്നും വെളിപ്പെടുത്തിയിട്ടില്ല. പ്രസംഗത്തില്‍ പരാമര്‍ശിച്ചത് നേരത്തേ തന്നെ ചര്‍ച്ചാവിഷയമായ കാര്യങ്ങളാണ്. തന്റെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് വലിയ സമ്മര്‍ദം താങ്കള്‍ നേരിടുന്നുണ്ട്. എന്നെ ആക്രമിച്ച് വിധേയത്വം ഉറപ്പിക്കേണ്ടത് ആവശ്യമാണ്. താങ്കളുടെ കത്ത് പുറത്തു വന്നതാണ് ഇക്കാര്യം വിശദീകരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്. പരീക്കര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു'- മനേഹര്‍ പരീക്കറിന് എഴുതിയ മറുപടി കത്തില്‍ രാഹുല്‍ പറഞ്ഞു.

പ്രതിരോധ മന്ത്രിയെ അറിയിക്കാതെയാണ് റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങള്‍ വരുത്തിയതെന്ന് പരീക്കര്‍ പറഞ്ഞിട്ടുണ്ടെന്ന് രാഹുല്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ, തന്റെ ആരോഗ്യവിവരം അന്വേഷിച്ചെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ 'വെറും രാഷ്ട്രീയനേട്ടത്തിനായി' അതുപയോഗപ്പെടുത്തിയെന്ന് പരീക്കര്‍ കുറ്റപ്പെടുത്തി. രാഹുല്‍ കള്ളം പറയുകയാണെന്നും സ്വകാര്യ സംഭാഷത്തിനിടെ റഫാല്‍ വിഷയം ചര്‍ച്ചയായില്ലെന്നും പരീക്കര്‍ കത്തില്‍ പറഞ്ഞു.

'ആരോഗ്യകരമായ രാഷ്ട്രീയ താല്‍പര്യത്തോടെയാണ് താങ്കളെ സ്വീകരിച്ചത്. അഞ്ചു മിനിറ്റാണ് ഒപ്പം ചെലവഴിച്ചത്. അതിനിടെ റഫാല്‍ ചര്‍ച്ചയായില്ല. സൗഹൃദ സന്ദര്‍ശനത്തിനെത്തിയ ശേഷം രാഷ്ട്രീയ നേട്ടത്തിനായി തെറ്റായ പ്രസ്താവന നടത്തുന്നത് താങ്കളുടെ വിശ്വാസ്യതയെക്കുറിച്ച് മനസ്സില്‍ സംശയങ്ങള്‍ക്കിടയാക്കുന്നു. ഗുരുതര രോഗവുമായി പോരാടുന്ന ഒരാളോട് ഇത്തരം കുടിലത പ്രയോഗിക്കരുത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റഫാല്‍ ഇടപാട് നടന്നത്' പരീക്കര്‍ കത്തില്‍ പറഞ്ഞു. പരീക്കറെ സന്ദര്‍ശിച്ചശേഷം റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ വീണ്ടുവിചാരമില്ലാത്ത നടപടിയെ ജനങ്ങള്‍ അറപ്പോടെ കാണുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com