ബംഗാളില്‍ ബൈക്ക് മോഷണം ആരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി

പശ്ചിമബംഗാളില്‍ ബൈക്ക് മോഷണം ആരോപിച്ച് ഇരുപതുകാരനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബൈക്ക് മോഷണം ആരോപിച്ച് ഇരുപതുകാരനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി.സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം നിലനില്‍ക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. 

ഇരുപതുകാരനായ സനൗള്‍ ഷെയ്ക്കിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.  മാല്‍ഡയിലെ ബൈഷ്ണബ്‌നഗര്‍ ബസാറിലാണ് സംഭവം.ഇയാള്‍ ബൈക്ക് മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ കൂട്ടമായി ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് മാല്‍ഡ എസ്പി അലോക് രജോറിയ പറഞ്ഞു.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതില്‍ സാമുദായികപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മാല്‍ഡ ജില്ല പരിഷത്ത് വ്യക്തമാക്കി.

ആള്‍ക്കൂട്ട ആക്രമണത്തില്‍ അവശനായ ഷെയ്ക്കിനെ ആദ്യം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേയ്ക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് മാല്‍ഡ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എസ്എസ്‌കെഎം ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച ഷെയ്ക്ക് മരിച്ചതായി ആശുപത്രിവൃത്തങ്ങള്‍ പറയുന്നു.

സംഭവത്തിന്റെ വീഡിയോ വൈറല്‍ ആയതോടെ പ്രദേശത്ത് പ്രതിഷേധം പുകയുകയാണ്. ഷെയ്ക്കിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് ബൈഷ്ണബ് നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രദേശവാസികള്‍ മാര്‍ച്ച് നടത്തി. ഇതിന് മുമ്പ് ദേശീയ പാത-34 ഉം ഉപരോധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com