മന്ത്രിസ്ഥാനം ലഭിച്ചില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു; സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്, പ്രതീക്ഷയോടെ ബിജെപി 

മന്ത്രിസ്ഥാനം ലഭിച്ചില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു; സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്, പ്രതീക്ഷയോടെ ബിജെപി 

കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ പിടിച്ചുലച്ച് കോണ്‍ഗ്രസ് നേതാവ് ആനന്ദ് സിങ് എംഎല്‍എ സ്ഥാനം രാജിവെച്ചു

ബംഗലൂരു: കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ പിടിച്ചുലച്ച് കോണ്‍ഗ്രസ് നേതാവ് ആനന്ദ് സിങ് എംഎല്‍എ സ്ഥാനം രാജിവെച്ചു. ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ആനന്ദ് സിങ്. എന്നാല്‍ കോണ്‍ഗ്രസ് ഇത് സ്ഥീരികരിച്ചിട്ടില്ല. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും രാജിക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 

രാജിവെച്ചതിന് പിന്നാലെ ഗവര്‍ണറെ കാണുമെന്ന് ആനന്ദ് സിങ് പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്വകാര്യപരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. അതേസമയം ആനന്ദ്‌സിങ് രാജിവെച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. രാജിക്കത്ത് സ്വീകരിച്ചതായുളള റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തളളി.  ആരും തന്നെ ഇതുമായി ബന്ധപ്പെട്ട് സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആനന്ദ് സിങിന്റെ രാജിയോടെ ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസിലെ വിമത ശല്യം വീണ്ടും തലപ്പൊക്കിയതായാണ് സൂചന. ആനന്ദ്‌സിങ് രാജിവെച്ചതോടെ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 78 ആയി ചുരുങ്ങി. മൂന്നുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ആനന്ദ് സിങ് 2018 നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി വിട്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2008-13 കാലഘട്ടത്തില്‍ ബിജെപി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നേരത്തെ വാഗ്ധാനം ചെയ്ത മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് ആനന്ദ് സിങ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴും അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. 

കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച കാര്യം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ബിജെപി വ്യക്തമാക്കി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സ്വന്തംനിലയില്‍ സര്‍ക്കാര്‍ താഴെ വീഴുകയാണെങ്കില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റുവഴികള്‍ തേടുമെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com