ബിജെപി റാഞ്ചുമെന്ന് ഭയം; ഗുജറാത്തില്‍ എംഎല്‍എമാരെ 'മലകയറ്റാന്‍' കോണ്‍ഗ്രസ്; 65 പേരെ മാറ്റുന്നത് മൗണ്ട് അബുവിലേക്ക്

ഗുജറാത്തില്‍ എംഎല്‍എമാരെ ബിജെപി 'റാഞ്ചുമെന്ന' ഭയത്തില്‍ കോണ്‍ഗ്രസ്
ബിജെപി റാഞ്ചുമെന്ന് ഭയം; ഗുജറാത്തില്‍ എംഎല്‍എമാരെ 'മലകയറ്റാന്‍' കോണ്‍ഗ്രസ്; 65 പേരെ മാറ്റുന്നത് മൗണ്ട് അബുവിലേക്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ എംഎല്‍എമാരെ ബിജെപി 'റാഞ്ചുമെന്ന' ഭയത്തില്‍ കോണ്‍ഗ്രസ്. രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ 65 എംഎല്‍എമാരെ രാജസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രമായ മൗണ്ട് അബുവിലേക്ക് മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. 

ജൂലയ് അഞ്ചിനാണ് ഗുജറാത്തില്‍നിന്നുള്ള രണ്ട് രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ക്രോസ് വോട്ടുചെയ്‌തേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഭയം. ഇതുമുന്നില്‍കണ്ടാണ് കോണ്‍ഗ്രസ് തങ്ങളുടെ 65 എംഎല്‍എമാരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുന്നത്. 

കോണ്‍ഗ്രസിന് ആകെ 71 എംഎല്‍എമാരാണ് ഗുജറാത്തിലുള്ളത്. ഇതില്‍ അല്‍പേഷ് താക്കൂര്‍, ധവാല്‍സിങ് സാലാ എന്നിവര്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ഹിമ്മാത്സിങ് പട്ടേല്‍, ഇമ്രാന്‍ ഖേഡവാല, ശൈലേഷ് പര്‍മാര്‍ എന്നിവര്‍ രാജസ്ഥാനിലേക്കുള്ള സംഘത്തില്‍ ചേരില്ല. ഇവരുടെ മണ്ഡലത്തിലൂടെ ജഗന്നാഥയാത്ര കടന്നുപോകുന്നതിനാലാണ് മൂന്നുപേരും സംസ്ഥാനത്ത് തുടരുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ജുഗല്‍ താക്കൂറുമാണ് ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികള്‍. മുന്‍ എംഎല്‍എ ചന്ദ്രിക ചുഡാസമയും ഗൗരവ് പാണ്ഡ്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായും മത്സരിക്കുന്നു. നേരത്തെ ഗുജറാത്തില്‍നിന്ന് രാജ്യസഭയിലെത്തിയ അമിത് ഷായും സ്മൃതി ഇറാനിയും ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് ഗുജറാത്തിലെ രാജ്യസഭ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com