ഗള്‍ഫ് രാജ്യങ്ങളിലെ ഡാന്‍സ് ബാറുകളില്‍ ബന്ദികളാക്കി നഗ്നനൃത്തം; മലയാളി യുവതികളും 

മലയാളികളുടെ നേതൃത്വത്തിലുള്ള പത്തോളം പെണ്‍വാണിഭ, ലൈംഗിക കള്ളക്കടത്തു സംഘങ്ങള്‍ ദുബായ് കേന്ദ്രീകരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നുവെന്നാണ് വിവരം
ഗള്‍ഫ് രാജ്യങ്ങളിലെ ഡാന്‍സ് ബാറുകളില്‍ ബന്ദികളാക്കി നഗ്നനൃത്തം; മലയാളി യുവതികളും 

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ ഡാന്‍സ് ബാറുകളില്‍ നര്‍ത്തകിമാരായി കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ മനുഷ്യക്കടത്ത്. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യ ഒഴികെയുള്ള അഞ്ച് രാജ്യങ്ങളിലുമായി ഇപ്രകാരം കടത്തിക്കൊണ്ടുവന്ന് ബന്ദികളാക്കപ്പെട്ട നിലയില്‍ നഗ്‌നനൃത്തം ചെയ്യുന്ന അയ്യായിരത്തിലേറെ ഇന്ത്യന്‍ യുവതികളുണ്ടെന്ന് ഡാന്‍സ് ബാറുകളുമായി അടുപ്പമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇത് കൂടാതെ മനുഷ്യക്കടത്തുവഴി ഗള്‍ഫിലെ നിശാക്ലബുകളിലും ബ്യൂട്ടിപാര്‍ലറുകളിലും തിരുമ്മല്‍ കേന്ദ്രങ്ങളിലുമായി പെണ്‍വാണിഭത്തിന് ഇരയായി കഴിയുന്നവരുടെ സംഖ്യ ഇതിന്റെ പതിന്‍മടങ്ങാണ്. ഡാന്‍സ് ബാറുകളിലെ നൃത്തം കഴിഞ്ഞാല്‍ നര്‍ത്തകിമാരെ ഇടപാടുകാര്‍ക്ക് ലൈംഗികവൃത്തിക്ക് വാടകയ്ക്ക് നല്‍കുന്ന ഏര്‍പ്പാടും വ്യാപകം. ആകര്‍ഷകമായ ശമ്പളവും മാന്യമായ പദവിയും വാഗ്ദാനം ചെയ്ത് ഇവിടെ കൊണ്ടുവന്ന് ദുബായിലെ ഒരു ഡാന്‍സ് ബാറിനു വിറ്റ കോയമ്പത്തൂര്‍ സ്വദേശിനികളായ നാല് യുവതികളെ ഇന്ത്യന്‍ എംബസിയിലെ കോണ്‍സല്‍ ജനറല്‍ വിപുല്‍ ഇടപെട്ട് കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു.

മലയാളികളുടെ നേതൃത്വത്തിലുള്ള പത്തോളം പെണ്‍വാണിഭ, ലൈംഗിക കള്ളക്കടത്തു സംഘങ്ങള്‍ ദുബായ് കേന്ദ്രീകരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നുവെന്നാണ് വിവരം. ഏതാനും നാള്‍ മുമ്പ് ബാര്‍ നര്‍ത്തകികളും ലൈംഗികവൃത്തിക്കുമായി പ്രവര്‍ത്തിക്കാന്‍ കൊണ്ടുവന്ന 18 യുവതികളെ ദുബായ് പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇവരില്‍ ഇന്ത്യയില്‍ നിന്നുള്ള 13 പേരുണ്ടായിരുന്നു. നാല് പേര്‍ 16നും 18നും മധ്യേയുള്ള ഇന്ത്യന്‍ പെണ്‍കുട്ടികളാണെന്നും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. ഈ സംഭവത്തില്‍ അറസ്റ്റിലായ ദുബായിലെ ബിസിനസുകാരന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന് കൈമാറിയവരില്‍ മൂന്ന് മലയാളികളുമുണ്ടായിരുന്നു.

വിവിധ ആവശ്യങ്ങള്‍ക്കായി വീട്ടുജോലിയടക്കമുള്ള തൊഴില്‍ വിസകളില്‍ കൊണ്ടുവന്ന് ഡാന്‍സ് ബാര്‍ നര്‍ത്തകിമാരായും പെണ്‍വാണിഭത്തിനും കൈമാറുകയാണ് രീതി. ഡാന്‍സ് ബാറുകളിലും നിശാക്ലബുകളിലും ബ്യൂട്ടി പാര്‍ലറുകളിലും തിരുമ്മല്‍ കേന്ദ്രങ്ങളിലുമായാണ് പെണ്‍വാണിഭത്തിനുള്ള 'തൊഴിലുറപ്പു പദ്ധതി'! ഗള്‍ഫിലേക്കുള്ള ലൈംഗിക മനുഷ്യക്കടത്ത് ഈ വര്‍ഷം ഇരട്ടിയായിട്ടുണ്ടെന്നാണ് ഔദ്യോഗികമായ വെളിപ്പെടുത്തല്‍. ദുബായില്‍ മാത്രം നിരവധി ഇന്ത്യന്‍ നിശാ ക്ലബുകളും ഡാന്‍സ് ബാറുകളുമുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ദുബായില്‍ നിന്ന് 51 പേരെയും ബഹ്‌റൈനില്‍ നിന്നും 107 പേരെയും കുവൈറ്റില്‍ നിന്ന് 81 പേരെയും ഖത്തറില്‍ നിന്ന് 12 പേരെയും ലൈംഗിക ചൂഷണ കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് കണക്ക്. ലൈംഗിക കള്ളക്കടത്ത് അടക്കമുള്ള മനുഷ്യ കള്ളക്കടത്തു കേസുകളില്‍ കഴിഞ്ഞ വര്‍ഷം 77 മാഫിയാ സംഘാംഗങ്ങളെ പിടികൂടി ശിക്ഷിച്ചതായി യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com