മോദി രാജ്യത്തെ വഞ്ചിച്ചു ;  ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് രാഹുൽ ​ഗാന്ധി

മോദി രാജ്യത്തെ വഞ്ചിച്ചു ;  ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് രാഹുൽ ​ഗാന്ധി

ട്രംപിന്റെ വാക്കുകൾ ശരിയെങ്കിൽ, ഷിംല കരാറിന്റെ ലംഘനമാണ് മോദി നടത്തിയത്

ന്യൂഡൽഹി : കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥതയ്ക്ക് സമീപിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം ശരിയെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി. വിദേശകാര്യ മന്ത്രാലയത്തിന്റെ  ദുര്‍ബലമായ പ്രസ്താവന തൃപ്തികരമല്ല. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മോദി പുറത്തുവിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. 

ട്രംപിന്റെ വാക്കുകൾ ശരിയെങ്കിൽ, ഷിംല കരാറിന്റെ ലംഘനമാണ് മോദി നടത്തിയത്. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി നേരിട്ട് രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. 

ട്രംപിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ, കശ്മീരില്‍ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി ജയശങ്കർ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. മധ്യസ്ഥനാകാന്‍ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല.  പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ട്രംപിന്റെ മധ്യസ്ഥത തേടിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ട്രംപിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളം വച്ചു. സൈന്യത്തിന്‍റെ കാര്യശേഷിയെ മോദി സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വിഷയത്തില്‍ വിദേശകാര്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം ബഹളം വച്ചത്. ഇന്ത്യന്‍ ഭരണനേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ഒപ്പമിരുത്തി അമേരിക്കന്‍ പ്രസിഡന്റ് കശ്മീരില്‍ മധ്യസ്ഥനാകാമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞമാസം 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് തന്നോട് ഈ ആവശ്യം ഉന്നയിച്ചെന്നാണ് ട്രംപ് വെളിപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com