40 വര്‍ഷം വെളളത്തിനടിയില്‍; അപൂര്‍വ്വ ദര്‍ശനത്തിന് മോദി എത്തും; ഇനി ദര്‍ശനം 2059ല്‍, ഒരു മനുഷ്യായുസ്സില്‍ രണ്ടുതവണ മാത്രം

40 വര്‍ഷം കുളത്തില്‍ നിക്ഷേപിച്ചിരുന്ന വിഗ്രഹം ഉയര്‍ത്തി ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരമൊരുക്കി കഴിഞ്ഞു
40 വര്‍ഷം വെളളത്തിനടിയില്‍; അപൂര്‍വ്വ ദര്‍ശനത്തിന് മോദി എത്തും; ഇനി ദര്‍ശനം 2059ല്‍, ഒരു മനുഷ്യായുസ്സില്‍ രണ്ടുതവണ മാത്രം

ചെന്നൈ:കാഞ്ചിപുരം വരദരാജ പെരുമാള്‍ ക്ഷേത്രത്തിലെ അത്തിവരദര്‍ ദര്‍ശനം സവിശേഷതകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു മനുഷ്യജന്മത്തില്‍ ഏറിയാല്‍ രണ്ടു തവണ മാത്രം ലഭിക്കാന്‍ സാധ്യതയുള്ള ഒരു ദര്‍ശനമാണ് ഇപ്പോള്‍ അവിടെ നടന്നുവരുന്നത്. ഇതിനായി വിശ്വാസികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ചരിത്രനിമിഷങ്ങളുടെ ഭാഗമാകാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം 34 ലക്ഷം വിശ്വാസികള്‍ ഇവിടെയെത്തി എന്നാണ് ലഭിക്കുന്ന വിവരം.

40 വര്‍ഷം കുളത്തില്‍ നിക്ഷേപിച്ചിരുന്ന വിഗ്രഹം ഉയര്‍ത്തി ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരമൊരുക്കി കഴിഞ്ഞു. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ് നാട്ടിലെ  കാഞ്ചീപുരം വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ അത്തിവരദര്‍ ദര്‍ശനം നടക്കുന്നത്. 

ജൂലായ് ഒന്നിനാണ് ക്ഷേത്രക്കുളമായ അനന്തസരസ് പുഷ്‌കരണി തീര്‍ത്ഥത്തില്‍ നിന്ന്  വിഗ്രഹം ഉയര്‍ത്തിയത്. നാല്പത്തെട്ടു ദിവസത്തെ ദര്‍ശനത്തിനു ശേഷം  വെള്ളി കവചത്തില്‍ പൊതിഞ്ഞു ക്ഷേത്രക്കുളത്തില്‍ നിക്ഷേപിക്കും. പിന്നീട് ദര്‍ശനം സാധ്യമാകുന്നത്  2059ല്‍ മാത്രമാണ്. ഇതിനു മുന്‍പ് 1979ലായിരുന്നു അത്തിവരദരുടെ വിഗ്രഹം പുറത്തെടുത്ത്  ദര്‍ശനോത്സവം നടന്നത്. 

48 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ദര്‍ശനോത്സവത്തില്‍  ആദ്യനാളുകളില്‍ അത്തിവരദര്‍  ശയനരൂപത്തിലും പിന്നീട്  നില്‍ക്കുന്ന രൂപത്തിലുമാണ് ദര്‍ശിക്കാന്‍ സാധിക്കുക. ഓഗസ്റ്റ് 17 വരെയാണ് ഭഗവാന്റെ ദര്‍ശനം സാധ്യമാകുക. 

അത്തിവരദര്‍ ദേവന്റെ നാല്‍പതു വര്‍ഷത്തിലൊരിക്കല്‍ ദര്‍ശനത്തിന്റെ പിന്നില്‍ ഒരു ഐതിഹ്യമുണ്ട് . ഒരിക്കല്‍ ബ്രഹ്മാവിന്റെ പത്‌നിയായ സരസ്വതീ ദേവി അദ്ദേഹത്തോട്  പിണങ്ങുവാന്‍ ഇടയായി . കോപിഷ്ഠയായ ദേവി അത്തിവനം എന്നറിയപ്പെട്ടിരുന്ന കാഞ്ചീപുരത്ത് ബ്രഹ്മാവ് നടത്തിവന്ന അശ്വമേധയാഗം അസുരന്മാരുടെ സഹായത്തോടെ മുടക്കാന്‍ ശ്രമിച്ചു. യാഗം മുടങ്ങാതിരിക്കാന്‍ ഭഗവാന്‍ മഹാവിഷ്ണു അത്തിവരദരായി അവതരിക്കുകയും  സരസ്വതി ദേവിയെ സമാധാനിപ്പിച്ചു മടക്കിയയക്കുകയും ചെയ്തു. ഈ സമയം യാഗവേദിയില്‍ സന്നിഹിതനായിരുന്ന വിശ്വകര്‍മ്മാവ് അത്തിമരത്താല്‍  ഭഗവാന്റെ രൂപമായ  'അത്തിവരദര്‍' നിര്‍മ്മിക്കുകയും ഇത്  യാഗത്തിന്റെ പ്രതിഷ്ഠയായി സ്ഥാപിക്കുകയും ചെയ്തു . യാഗാഗ്‌നിയുടെ കഠിന  ചൂടേറ്റ് വിഗ്രഹം കറുത്തു പോവുകയുണ്ടായി.  യാഗശേഷം ഒരുപാട് അഭിഷേകങ്ങള്‍  നടത്തിയിട്ടും ചൂട് ശമിച്ചില്ല. അപ്പോഴുണ്ടായ ഒരശരീരി പ്രകാരമാണ് വിഗ്രഹം കുളത്തില്‍ താഴ്ത്തിയത്. പിന്നീട് നാല്‍പതു  വര്‍ഷത്തിലൊരിക്കല്‍ വിഗ്രഹം പുറത്തെടുത്താല്‍ മതിയെന്നു ഭഗവാന്‍ അരുളി എന്നാണ്  വിശ്വാസം. 

പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നായ വരദരാജ  പെരുമാള്‍ ക്ഷേത്രം  കാഞ്ചീപുരം പട്ടണത്തില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ്ങും ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com