ഉന്നാവോ : ബിജെപി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

ബിജെപി എംഎല്‍എയും അനുചരന്മാരും ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പുറത്തുവന്നിരുന്നു 
ഉന്നാവോ : ബിജെപി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ : ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവം വിവാദമായതിന് പിന്നാലെ ആരോപണവിധേയനായ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങാണ് നടപടിയെടുത്തത്. അപകടത്തില്‍ യുപി പൊലീസ് കുല്‍ദീപ് സെന്‍ഗാറിനും സഹോദരനും അടക്കം 10 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ സെന്‍ഗര്‍ ഇപ്പോഴും ബിജെപി അംഗമായി തുടരുന്നു എന്നത്, പാര്‍ട്ടി അദ്ദേഹത്തെ സംരക്ഷിക്കുന്നതിന് തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നടപടി. 

ഉന്നാവോ പെണ്‍കുട്ടി ജീവന് വേണ്ടി പോരാടുകയാണ്. എന്നാല്‍ പീഡനക്കേസില്‍ ജയിലിലായ കുല്‍ദീപ് സെന്‍ഗാര്‍ ഇപ്പോഴും ബിജെപി അംഗമാണ്. പീഡനക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ബിജെപി നിര്‍ത്തണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. 2017 ജൂണിലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹോദരനും പ്രതികളായ  ഉന്നാവോ പീഡനക്കേസ് പുറത്ത് വരുന്നത്. വര്‍ഷം രണ്ട് കഴിഞ്ഞു. ഇപ്പോഴും ബി.ജെ.പി അംഗത്വത്തില്‍ നിന്നോ സ്ഥാനമാനങ്ങളില്‍ നിന്നോ ഇരുവരെയും മാറ്റാന്‍ ബി.ജെ.പി തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

ഉന്നാവോ പെണ്‍കുട്ടിക്കുണ്ടായ അപകടം ആസൂത്രിതമാണെന്നും, സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് അധീര്‍രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കേണ്ടെന്നും, സംഭവത്തെപ്പറ്റി സിബിഐ അന്വേഷിക്കുന്നുണ്ടെന്നും പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി മറുപടി നല്‍കി. ഉന്നാവോ സംഭവത്തില്‍ എസ് പി, തൃണമൂല്‍ പാര്‍ട്ടികള്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു.  

അതിനിടെ ബിജെപി എംഎല്‍എയുടെ സഹോദരനും അനുചരന്മാരും ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയും കുടുംബവും സുപ്രിംകോടതിയില്‍ നല്‍കിയ പരാതിയും പുറത്തുവന്നു. രണ്ടാഴ്ച മുമ്പ്, ജൂലൈ 12 നാണ് പെണ്‍കുട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരന്‍ മനോജ് സിങും കൂട്ടാളികളും വീട്ടിലെത്തി, പീഡനക്കേസില്‍ നിന്നും പിന്മാറണമെന്നും അല്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പെണ്‍കുട്ടിയും കുടുംബവും റായ്ബറേലിയില്‍ ജയിലിലുള്ള അമ്മാവനെ കാണാന്‍ പോകുന്നതിനിടെ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍, സഹോദരന്‍ എന്നിവടക്കം എട്ടുപേര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com