ഒപ്പം നില്‍ക്കാന്‍ പ്രാദേശിക പാര്‍ട്ടികളും ഇല്ല; രാജ്യസഭയിലും 'പ്രതിരോധ ശേഷി' നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

ഒപ്പം നില്‍ക്കാന്‍ പ്രാദേശിക പാര്‍ട്ടികളും ഇല്ല; രാജ്യസഭയിലും 'പ്രതിരോധ ശേഷി' നഷ്ടപ്പെട്ട് കോണ്‍ഗ്രസ്
ഒപ്പം നില്‍ക്കാന്‍ പ്രാദേശിക പാര്‍ട്ടികളും ഇല്ല; രാജ്യസഭയിലും 'പ്രതിരോധ ശേഷി' നഷ്ടപ്പെട്ട് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതിക്കു പിന്നാലെ മുത്തലാഖ് ബില്‍ കൂടി പാസായതോടെ, രാജ്യസഭയില്‍ ഒപ്പം നിന്ന പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ കൈവിടുന്നതായി വിലയിരുത്തല്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി മുത്തലാഖ് ബില്ലിനെതിരെ കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചുവന്ന പാര്‍ട്ടികളാണ്, ഇറങ്ങിപ്പോക്കും വിട്ടുനില്‍ക്കലുമൊക്കെയായി ഇന്നലെ ബില്‍ പാസാക്കാന്‍ സാഹചര്യമൊരുക്കിയത്.

ഒറ്റയടിക്കുള്ള മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച സുപ്രിം കോടതി വിധിക്കു പിന്നാലെ, ഇതു സംബന്ധിച്ച നിയമ നിര്‍മാണത്തിനു നീക്കം തുടങ്ങിയതാണ് ബിജെപി. രണ്ടു വട്ടം ബില്‍ പാര്‍ലമെന്റില്‍ എത്തിയെങ്കിലും പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്നു പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ഒപ്പം നിന്ന് ജെഡിയു, ടിആര്‍എസ്, ആര്‍ജെഡി, ടിഡിപി, എന്‍സിപി, എസ്പി, ബിഎസ്പി എന്നിവയാണ് മുത്തലാഖ് ബില്‍ പാസാക്കുന്നതിനു തടസം നിന്നിരുന്നത്. 

ന്യൂനപക്ഷങ്ങള്‍ നിര്‍ണായക ശക്തിയായ സംസ്ഥാനങ്ങളാണ് തങ്ങളുടെ സ്വാധീന മേഖല എന്നതുകൊണ്ടാണ്, ഇവയില്‍ പല പാര്‍ട്ടികളും മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്നത് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മാറ്റമില്ലെങ്കിലും ഇന്നലെ രാജ്യസഭയില്‍ വിട്ടുനിന്നും ഇറങ്ങിപ്പോക്കു നടത്തിയും ഇവര്‍ ബില്‍ പാസാക്കാന്‍ സാഹചര്യം ഒരുക്കുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും ഭരണത്തിലെത്തിയതോടെ ഈ പാര്‍ട്ടികളുടെ സമീപനത്തിലുണ്ടായ മാറ്റമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യസഭയില്‍ ഇവര്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും കൈവിടുകയാണെന്നും അവര്‍ പറയുന്നു.

നേരത്തെ എതിര്‍ത്തിരുന്നവരില്‍ ജെഡിയുവും ടിഡിപിയുമാണ് ഇന്നലെ വോട്ടെടുപ്പിനിടെ ഇറങ്ങിപ്പോക്കു നടത്തിയത്. എഐഎഡിഎംകെ ഒരു വിഭാഗവും രാജ്യസഭയില്‍ ഇറങ്ങിപ്പോക്കു നടത്തി. 19 അംഗങ്ങളാണ് ഈ മൂന്നു പാര്‍ട്ടികളും കൂടിയുള്ളത്. ബിഎസ്പി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നും സര്‍ക്കാര്‍ പക്ഷത്തു ചേര്‍നിന്നു. 

കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ആംആദ്മി പാര്‍ട്ടി, എന്‍സിപി, ഡിഎംകെ, ആര്‍ജെഡി എന്നിവരാണ് ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തത്- ആകെ 84 പേര്‍. നിര്‍ണായകമായ വോട്ടെടുപ്പായിട്ടും കോണ്‍ഗ്രസില്‍നിന്ന് അഞ്ചു പേരും എന്‍സിപിയില്‍നിന്നും എസ്പിയില്‍നിന്നും തൃണമൂലില്‍നിന്നും രണ്ടു പേര്‍ വീതവും സഭയില്‍ ഹാജരുണ്ടായിരുന്നില്ല. ആര്‍ജെഡിയുടെയും ടിഡിപിയുടെയും ഓരോ അംഗങ്ങളും സഭയിലെത്തിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com